തിലകനെ വിലക്കിയവരാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിജ്ഞയെടുത്തതെന്ന് വിനയൻ

കലാകാരന്മാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി ഫെഫ്‍യുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനെതിരെ രൂക്ഷവിമര്‍ശവുമായി സംവിധായകന്‍ വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഇപ്പോള്‍ പ്രതിജ്ഞയെടുക്കാന്‍ ഇറങ്ങിയവര്‍ പണ്ട് അഭിപ്രായം തുറന്നുപറഞ്ഞതിന്‍റെ പേരില്‍ തിലകനെന്ന വ്യക്തിയുടെ തൊഴിലിനെതന്നെ വിലക്കി ഇല്ലായ്മ ചെയ്യുകയാണ് ചെയ്തതെന്ന് വിനയന്‍ കുറിച്ചു.

ഫാഷിസത്തിനെതിരെ സംസാരിക്കാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ സംഘടനക്കും പിന്നെന്തവകാശമാണുള്ളത്? എന്തേ... അന്ന് അഭിപ്രായ സ്വാതന്ത്ര്യം എന്ന വാക്കിനര്‍ത്ഥം നിങ്ങള്‍ക്കറിയില്ലായിരുന്നോവെന്നും വിനയൻ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഫെഫ്ക തിലകനെ വിലക്കിയതിന് തെളിവിനായി ഫെഫ്കയേയും അതിന്റെ നേതാവിനെയും പറ്റി മോശമായി സംസാരിച്ചതിന്റെ പേരില്‍ ശ്രീ തിലകനുമായി ഫെഫ്കയിലെ ഒരാളു പോലും സഹകരിക്കാന്‍ പാടില്ല എന്ന് ഓര്‍ഡറിട്ടുകൊണ്ട് 27.02.2010ല്‍ ശ്രീ ബി. ഉണ്ണികൃഷ്ണന്‍ ഇറക്കിയ ഉത്തരവിന്റെ കോപ്പിയും വിനയന്‍ ഫെയ്സ്ബുക്ക് സ്റ്റാറ്റസിനൊപ്പം ഇട്ടിട്ടുണ്ട്.

സംവിധായകരായ അലി അക്ബറിനെതിരെയും തനിക്കെതിരെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയ കാര്യവും അദ്ദേഹം പോസ്റ്റിലൂടെ ഓര്‍മിപ്പിക്കുന്നു. ഇതിനുള്ള തെളിവിനായി ഫെഫ്ക വിലക്കിയ ശ്രീ തിലകനെ സംവിധായകന്‍ അലി അക്ബര്‍ "അച്ഛന്‍" എന്ന സിനിമയില്‍ അഭിനയിപ്പിച്ചു എന്ന "മഹാ അപരാധത്തിന്​" അലി അക്ബറിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ 11-06-2011ലെ മിനിറ്റ്സിന്റെ കോപ്പിയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിപ്രായസ്വാന്ത്ര്യത്തിനു വേണ്ടി പ്രതിജ്ഞയെടുക്കുമ്പോള്‍ ആ പ്രതിജ്ഞയും സ്വന്തം പ്രവര്‍ത്തിയും തമ്മില്‍ പുലബന്ധമെങ്കിലും ഉണ്ടായില്ലെങ്കില്‍ ഈ കലാകാരന്മാര്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യകഥാപാത്രങ്ങളാകുമെന്ന് ഓര്‍മിച്ചാല്‍ നന്നെന്ന് പറഞ്ഞാണ് വിനയന്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

Full View
Tags:    
News Summary - vinayan thilakan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.