തമിഴ് സിനിമക്ക് കെട്ടകാലമോ? കാർത്തിയുടെ വാ വാത്തിയാർ വീണ്ടും നിയമക്കുരുക്കിൽ...

കാർത്തിയുടെ റിലീസിനൊരുങ്ങുന്ന സിനിമ വാ വാത്തിയാർ വീണ്ടും നിയമക്കുരുക്കിൽ. കരൂർ ആസ്ഥാനമായുള്ള നിയമ സ്ഥാപനം മദ്രാസ് ഹൈകോടതിയിൽ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ, വാ വാത്തിയാർ വീണ്ടും നിയമ പോരാട്ടത്തിന് വിധേയമാകാനാണ് സാധ്യത.

നളൻ കുമാരസാമി സംവിധാനം ചെയ്ത ചിത്രം ജനുവരി 14ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഹരജിയുടെ കാരണം പുറത്തു വന്നിട്ടില്ലെങ്കിലും കരൂരിൽ നിന്നുള്ള ധനേഷ് അസോസിയേറ്റ്‌സാണ് ഹൈകോടതിയെ സമീപിച്ചതെന്നാണ് വിവരം. ജനുവരി 12 തിങ്കളാഴ്ച ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി കേസ് പരിഗണിക്കും.

നിർമാതാവ് കെ.ഇ. ജ്ഞാനവേൽ രാജയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ചിത്രത്തിന്റെ റിലീസ് വളരെക്കാലമായി തർക്കത്തിലായിരുന്നു. 2025 ഡിസംബർ അഞ്ചിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് 2025 ഡിസംബർ 12ലേക്ക് മാറ്റിവെച്ചു. മദ്രാസ് ഹൈകോടതി നിർമാതാവിനോട് തുടക്കത്തിൽ കടമെടുത്ത 21 കോടിയിലധികം രൂപ തിരിച്ചടക്കാൻ നിർദ്ദേശിച്ചതിനെത്തുടർന്ന് റിലീസ് വീണ്ടും മാറ്റിവെച്ചു.

സത്യരാജ്, ആനന്ദ് രാജ്, രാജ്കിരൺ, കരുണാകരൻ, ജി.എം. സുന്ദർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സൂര്യയുടെ 'കങ്കുവ' എന്ന ചിത്രം നിർമിച്ച പ്രൊഡക്ഷൻ ഹൗസാണ് ഈ ചിത്രവും നിർമിച്ചിരിക്കുന്നത്. 'കാതലും കടന്തു പോവും' എന്ന ചിത്രം കഴിഞ്ഞ് എട്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമി സിനിമയിലേക്ക് തിരികെ എത്തുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിട്ടുണ്ട്. ചിത്രത്തിൽ കടുത്ത എം.ജി.ആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. എം.ജി.ആറിനെ തമിഴ്‌നാട്ടിൽ ആരാധനയോടെ വിളിക്കുന്ന പേരുകളിൽ ഒന്നാണ് 'വാത്തിയാർ'.

അതേസമയം, മെയ്യഴകൻ ആണ് അവസാനമായി തിയറ്ററിൽ എത്തിയ കാർത്തി ചിത്രം. കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമയായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

Tags:    
News Summary - Vaa Vaathiyaar to face more legal contentions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.