'മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടുള്ള പരിപാടിയാ'- ആരാധകരിൽ വേദന പടർത്തി കലാഭവൻ മണിയുടെ ആദ്യ അഭിമുഖം

കൊച്ചി: സാധാരണക്കാരൻെറ പ്രതിരൂപമായി മലയാള സിനിമ പ്രേക്ഷകർ കുടിയിരുത്തിയ കലാഭവൻ മണിയുടെ ആദ്യ അഭിമുഖം ആരാധകർക്ക്​ നൊമ്പരക്കാഴ്​ചയാകുന്നു. സ്​കൂളിൽ പഠിക്കു​േമ്പാൾ കായിക ഇനങ്ങൾ ഇഷ്​ടപ്പെട്ടിരുന്ന താൻ പാട്ടിലേക്കും മോണോ ആക്​ടിലേക്കും മിമിക്രിയിലേക്കും കടന്നുവന്ന വഴികൾ കപടതകളൊന്നുമില്ലാതെ മണി പറയുന്നത്​ വിഡിയോയിൽ കാണാം.

'മിമിക്രി അത്ര എളുപ്പമല്ല, ബുദ്ധിമുട്ടുള്ള പരിപാടിയാ' എന്ന്​ വളർന്നു വരുന്ന കലാകാരന്മാരെ ഉപദേശിക്കുന്നുമുണ്ട്​ മണി. 'ചിരിയാണല്ലോ മനുഷ്യന്​ സമാധാനം പകരുന്നത്​' എന്ന്​ ചിരിച്ചുകൊണ്ട്​ പറയുന്നുണ്ട്​, കഷ്​ടതകൾ ഏറ്റുപറഞ്ഞ്​ മലയാളികളെ ഒരുപാട്​ കരയിക്കുക കൂടി ചെയ്​തിട്ടുള്ള മണി ഈ അഭിമുഖത്തിൽ.

മണി കലാഭവനിൽ കയറി ഒരു വർഷം തികയും മുമ്പ്​ ഖത്തറിൽ വെച്ച്​ ചിത്രീകരിച്ച അഭിമുഖമാണിത്​്​. 1992ൽ കലാഭവൻെറ ഗൾഫ് പര്യടന വേളയിൽ എ.വി.എം ഉണ്ണി നടത്തിയ ഇൻറർവ്യൂ ആണിത്​. മണിയുടെ ആദ്യ അഭിമുഖമായാണ്​ ഇത്​ കണക്കാക്കപ്പെടുന്നത്​. എ.വി.എം ഉണ്ണി ആർക്കൈവ്​സ്​ എന്ന യുട്യൂബ്​ ചാനലിലുടെ പുറത്തുവന്ന അഭിമുഖം മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണനും സമൂഹമാധ്യമങ്ങളിൽ പങ്കു​വെച്ചു. ഈ വിഡിയോ കണ്ടാൽ ചങ്ക് തകർന്നുപോകുമെന്നാണ്​ രാമകൃഷ്ണൻ കുറിച്ചത്​.

'ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വിഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്. മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇൻറർവ്യൂ. നിങ്ങൾ കാണുക. ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ'- രാമകൃഷ്​ണൻ പറയുന്നു.

രണ്ടര മണിക്കൂർ ഒറ്റക്ക്​ പരിപാടി അവതരിപ്പിച്ച്​ നടന്ന കാലവും ഗായകൻ പീറ്റർ വഴി കലാഭവനിലേക്കുള്ള വഴി തുറന്നതും അതിനുശേഷം ആളുകള്‍ കലാകാരനെന്ന നിലയിൽ വില നല്‍കിയതുമെല്ലാം മണി അഭിമുഖത്തില്‍ പറയുന്നുണ്ട്​. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്​ മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന എ.വി.എം ഉണ്ണി.

അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ എ.വി.എം ഉണ്ണി സിനിമ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുടെ അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്​. 


Full View


Tags:    
News Summary - Malayalam actor Kalabhavan Mani's first interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.