പൊങ്കൽ വിന്നറായി ജീവ; ബോക്സ് ഓഫീസിൽ 'തലൈവർ തമ്പി തലമയിൽ' തരംഗം

ജീവയുടെ ഏറ്റവും പുതിയ കോമഡി ഡ്രാമ ചിത്രമായ 'തലൈവർ തമ്പി തലമയിൽ' (TTT) ബോക്സ് ഓഫീസിൽ മികച്ച പ്രകടനം തുടരുന്നു. രസകരമായ തിരക്കഥയും കോമഡി രംഗങ്ങളും കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം തമിഴ്‌നാട്ടിലെ ഈ വർഷത്തെ പൊങ്കൽ റിലീസുകളിൽ പ്രേക്ഷകപ്രിയമായി മാറിക്കഴിഞ്ഞു.

നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഈ ചിത്രം ആദ്യദിനം 1.5 കോടി രൂപയാണ് നേടിയത്. എന്നാൽ രണ്ടാം ദിവസം 93.33 ശതമാനം വർധനവോടെ 2.9 കോടി രൂപയായി ഉയർന്നു. മൂന്നാം ദിവസം 89.66 ശതമാനം വർധനവോടെ 5.5 കോടി രൂപയും ആദ്യ ഞായറാഴ്ചയും ഏതാണ്ട് ഇതേ തുക തന്നെയും ചിത്രം സ്വന്തമാക്കി.

തിങ്കളാഴ്ച മുതൽ ഉത്സവകാലം കഴിഞ്ഞ് ആളുകൾ ജോലിയിലേക്ക് മടങ്ങിയതോടെ വരുമാനത്തിൽ കുറവുണ്ടായെങ്കിലും എല്ലാ ദിവസവും ഒരു കോടി രൂപയിൽ കൂടുതൽ നേടാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയിലൊട്ടാകെ 18.77 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കലക്ഷൻ. വലിയ താരനിരകളില്ലെങ്കിലും ചെറിയ ബജറ്റിലൊരുക്കിയ ഈ സിനിമയുടെ വിജയം നിർമാതാക്കളും ആഘോഷിക്കുകയാണ്. വെറും 115 മിനിറ്റ് മാത്രമാണ് ചിത്രത്തിന്റെ ദൈർഘ്യം. ജീവക്ക് പുറമെ സിനിമയിലുള്ള'നഞ്ചി ഗാങ്' എന്ന സംഘവും, സിനിമയിലെ ആർനോൾഡ് എന്ന നായക്കുട്ടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഈ സിനിമ, ജീവയുടെ കഥാപാത്രത്തെയും അദ്ദേഹത്തിന് ചുറ്റുമുള്ള രസകരമായ ഒരു കൂട്ടം ആളുകളെയും കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. മലയാള സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിതീഷ് സഹദേവ്. 2018-ൽ പുറത്തിറങ്ങിയ 'ഫഹദ് ഫാസിൽ' ചിത്രം 'വരത്തൻ', 'ഞാൻ പ്രകാശൻ' തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ ബേസിൽ ജോസഫിനെ നായകനാക്കി 'ഫാലിമി' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നിതീഷ് സ്വതന്ത്ര സംവിധായകനായി മാറിയത്. ഈ ചിത്രം വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

തലൈവർ തമ്പി തലമയിലിന്‍റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ജിയോ ഹോട്ട്സ്റ്റാർ ആണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാധാരണയായി തമിഴ് സിനിമകൾ തിയറ്റർ റിലീസിന് ശേഷം 4 മുതൽ 5 ആഴ്ചകൾക്കുള്ളിലാണ് ഒ.ടി.ടിയിൽ എത്താറുള്ളത്. പൊങ്കൽ റിലീസായി ജനുവരി പകുതിയോടെ എത്തിയ ചിത്രം, 2026 ഫെബ്രുവരി അവസാന വാരമോ മാർച്ച് ആദ്യ വാരമോ സ്ട്രീമിങ് ആരംഭിക്കാൻ സാധ്യതയുണ്ട്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Tags:    
News Summary - Thalaivar Thambi Thalaimaiyil box office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.