മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന, സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന രാഷ്ട്രീയ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' (Patriot) ഏപ്രിൽ 23ന് തിയറ്ററുകളിലെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വേനലവധി ലക്ഷ്യമിട്ടാണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നതെന്ന് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടീസർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ‘ഈ രാജ്യത്തെ അവർ രണ്ടുപേരും ഒരുമിച്ച് നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ഈ വർഷങ്ങളിൽ, അവർ സമ്പാദിച്ചത് അനുയായികളെ മാത്രമല്ല, വിശ്വാസവും കൂടിയാണ് എന്ന വോയ്‌സ് ഓവറോടെയാണ് ടീസർ ആരംഭിക്കുന്നത്. പെരിസ്‌കോപ്പ് എന്നൊരു പ്രോഗ്രാം ഉണ്ടെന്നും കുഞ്ചാക്കോ ബോബൻ ഡാനിയേൽ എന്ന് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നുമാണ് ടീസർ നൽകുന്ന സൂചന.
നിർമാണ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏപ്രിൽ 23ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ജനുവരി നാലിന് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രാജ്യത്തെ ജനങ്ങളുടെ മേൽ സോഷ്യൽ സ്കോർ നടപ്പിലാക്കാനുള്ള ഗവൺമെന്റ് നീക്കവും അതിനെതിരെയുള്ള പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം.
മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതു വർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് ചിത്രം വെള്ളിയാഴ്ച പൂർത്തിയായത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.