അരവിന്ദന്‍റെ അതിഥി, ആ ഭാഗ്യദേവതയാണ്...

 

'ലവ് 24*7' എന്ന ചിത്രത്തിലെ കബനി കാര്‍ത്തിക എന്ന കഥാപാത്രത്തെ ആരും മറന്നുകാണില്ല. തിരുവനന്തപുരം ഭാഷയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത് കണ്ണൂർ സ്വദേശി കൂടിയായ നിഖില വിമലായിരുന്നു. 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ ഇപ്പോഴിതാ മലയാളികളുടെ മനം കവരാന്‍ നിഖില വീണ്ടും എത്തിയിരിക്കുന്നു. സിനിമാ സങ്കല്‍പ്പങ്ങളെ കുറിച്ചും മലയാളത്തിലെ നീണ്ട ഇടവേളയെ കുറിച്ചും നിഖില 'മാധ്യമം' ഓണ്‍ലൈനിനോട് സംസാരിക്കുന്നു... 

 

നിഖില ഹാപ്പിയാണ്

വിനീത് ശ്രീനിവാസന്‍റെ അമ്മാവന്‍ കൂടിയായ എം. മോഹന്‍ ആണ് 'അരവിന്ദന്റെ അതിഥികള്‍' സംവിധാനം ചെയ്തത്.  മലയാളത്തിന് മികച്ച ചിത്രങ്ങൾ സമ്മാനിച്ച‍യാൾ കൂടിയാണ് അദ്ദേഹം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 


വീണ്ടും  മലയാളത്തിലേക്ക് 

മലയാളത്തില്‍ മൂന്നാമത്തെ ചിത്രമാണിത്. ലവ് 24*7 ന് ശേഷമാണ് അരവിന്ദന്റെ അതിഥികളിലേക്ക് എത്തുന്നത്. ചിത്രത്തിന്‍റെ കഥ കേട്ടപ്പോൾ തന്നെ ഇഷ്ടമായി. നർത്തകിയുടെ കഥാപാത്രമാണ്. ഞാൻ നൃത്തമൊക്കെ അഭ്യസിക്കുന്നയാൾ കൂടിയാണ്. അതുകൊണ്ട് തന്നെയാണ് ഈ കഥാപാത്രത്തെ ഇഷ്ടപ്പെട്ടതും സമ്മതം മൂളിയതും. 

 ആദ്യം ദിലീപ് ഇപ്പോള്‍ വിനീത് 

ആദ്യ ചിത്രത്തിൽ ദിലീപിന്‍റെ കൂടെയാണ് അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോള്‍ പേടി തോന്നിയിരുന്നു. പിന്നീട് അത് മാറി. പുതുമുഖമായതിനാൽ അദ്ദേഹം എല്ലാ പറഞ്ഞ് തരും. വിനീതിന്‍റെ കൂടെ ആദ്യമായാണ് ഞാന്‍ അഭിനയിക്കുന്നത്. അദ്ദേഹത്തിന്‍റെത് നല്ല വ്യക്തിത്വമാണ്. അഭിനയിക്കുമ്പോൾ നല്ല രീതിയിൽ പിന്തുണക്കും. അതിനാൽ തന്നെ വലിയ ബുദ്ധിമുട്ടില്ലായിരുന്നു. 


വലിയ നര്‍ത്തകിയല്ല

ചിത്രത്തില്‍ 'വരദ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മൂകാംബികയില്‍ അരങ്ങേറ്റത്തിനായി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ കഥാപാത്രം പോലെ ഞാനും നൃത്തമൊക്കെ പഠിച്ചിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നിവയൊക്കെ പഠിച്ചു. എന്നാല്‍, വലിയ നര്‍ത്തകിയൊന്നുമല്ല. അതിനായി സമയം കണ്ടെത്താറില്ല. പക്ഷേ ക്ലാസൊടുക്കാറുണ്ട്. 


തമാശകള്‍ നിറഞ്ഞ 45 ദിനങ്ങള്‍

നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. ഈ സിനിമയിലേക്ക് എത്തിയത് തന്നെ മറക്കാനാവാത്ത അനുഭവമാണ്. ചിത്രീകരണ സമയത്ത് തമാശയും ബഹളവുമൊക്കെയായിരുന്നു. വിനീത് ശ്രീനിവാസന്‍റെ അമ്മാവന്‍ കൂടിയായ എം. മോഹന്‍ സംവിധാനം ചെയ്യുന്നത് കൊണ്ട് തന്നെ അവരുടെ ഒരു കുടുംബ ചിത്രം പോലെയാണ് തോന്നിയത്. 45 ദിവസത്തെ ചിത്രീകരണമാണ് ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിലെ കുംഭകോണവും മൂകാംബികയുമായിരുന്നു പ്രധാന ലൊക്കേഷന്‍. 


മലയാളത്തില്‍ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഭാഗ്യദേവത'യാണ് ആദ്യ ചിത്രം. ആ ചിത്രത്തിന്‍റെ സഹസംവിധായികയായിരുന്നു ശ്രീബാല കെ. മോനോൻ. പിന്നീട് അവര്‍ സംവിധാനം ചെയ്ത 24*7 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. അതിനിടയില്‍ 'പഞ്ചുമിട്ടായി' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. എന്നാൽ, ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല. ലവ് 24*7 എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്താണ് ശശി കുമാറിന്‍റെ 'വെട്രിവേല്‍' എന്ന ചിത്രത്തിൽ അവസരം ലഭിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞാണ് ചിത്രീകരണം തുടങ്ങിയത്. തമിഴിലേത് ദൈര്‍ഘ്യമേറിയ ഷെഡ്യൂളുകള്‍ ആയിരുന്നു. ആദ്യമൊക്കെ ഭാഷ ഒരു പ്രശ്‌നമായിരുന്നു. പിന്നീട് അത് ശരിയായി വന്നു. രണ്ടാമത്തെ സിനിമ 'കിടാരി' ആയിരുന്നു.

മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും അവസരം ലഭിച്ചു. 'വടക്കന്‍ സെല്‍ഫി'യുടെ തെലുങ്ക് പതിപ്പിലാണ് അഭിനയിച്ചത്. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത പ്രജിത്ത് തന്നെയാണ് തെലുങ്ക് പതിപ്പും സംവിധാനം ചെയ്തത്. തമിഴും മലയാളവും സംസാരിക്കാൻ വലിയ പ്രയാസമുണ്ടായിരുന്നില്ല. എന്നാൽ, തെലുങ്ക് സംസാരിക്കാൻ തീരെ അറിയില്ലായിരുന്നു. എന്നാല്‍, അണിയറയിൽ മലയാളികള്‍ ഉള്ളതിനാൽ വലിയ പ്രശ്‌നമായില്ല. 


മലയാളത്തിലെ ഇടവേള

മലയാളത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ തമിഴിലും അവസരം വന്നിരുന്നു. മലയാളത്തില്‍ കാണാഞ്ഞത് സിനിമ വിട്ടുനിന്നത് കൊണ്ടല്ല. തമിഴിലും തെലുങ്കിലും സിനിമ ചെയ്യുന്ന തിരക്കിലായിരുന്നു. ഡേറ്റ് പ്രശ്‌നമായത് കൊണ്ടാണ് മലയാളത്തില്‍ നിന്നും അല്പം മാറിനില്‍ക്കേണ്ടി വന്നത്.


മനസ്സില്‍ സിനിമ മാത്രം

സിനിമകളോട് വലിയ താൽപര്യമാണ്. സിനിമയിൽ കുറേ കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ട്. പക്ഷേ സിനിമയുടെ മറ്റ് മേഖലയില്‍ കൂടി കടന്ന് ചെല്ലണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ഭാവിയില്‍ ചിലപ്പോൾ മറ്റുമേഖലകളിൽ കൂടി കടന്നു ചെന്നേക്കാം. അതുപോലെ മലയാളത്തില്‍ സജീവമാകുമോ എന്നും പറയാനാവില്ല. പക്ഷേ സിനിമയില്‍ സജീവമായി ഉണ്ടാകും. 

സിനിമയോടൊപ്പം പഠനവും

കണ്ണൂര്‍ സര്‍ സെയ്ദ് കോളജില്‍ ബോട്ടണിയില്‍ ബിരുദം പൂര്‍ത്തിയായി. ഇനി ആര്‍ട്‌സ് വിഷയത്തിൽ പി.ജി ചെയ്യണമെന്നുണ്ട്. 

പുതിയ പ്രൊജക്ട് 

തമിഴിലും മലയാളത്തിലുമായി നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് സിനിമകള്‍ ചെയ്യും. 'രംഗ' എന്ന തമിഴ് ചിത്രമാണ് ഇപ്പോൾ അഭിനയിക്കുന്നത്. ശിബിരാജ് ആണ് നായകന്‍. മലയാളത്തിൽ അവസരങ്ങൾ ലഭിച്ചാല്‍ ഇവിടെ തന്നെ ഉണ്ടാകും. 

Tags:    
News Summary - Nikhila Vimal Interview-Movie Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.