ബംഗളൂരു: ബംഗളൂരുവിലെ മൊബൈൽ ഫോൺ കടയിൽ മുഖംമൂടി ധരിച്ച് പൂർണ നഗ്നനായി കയറി മോഷണം നടത്തിയ അസം സ്വദേശിയായ 27കാരൻ അറസ്റ്റിൽ. ഇമ്രാനുല്ല എന്ന യുവാവാണ് പിടിയിലായത്. 25 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിവിധ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾ പ്രതി മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മേയ് ഒമ്പതിന് പുലർച്ച ഹെങ്ങസാന്ദ്രയിലെ ഹനുമാൻ ടെലികോം എന്ന കടയിലാണ് മോഷണം.
കടയുടെ ചുവരിൽ തുരന്ന രണ്ടടി വീതിയുള്ള ദ്വാരത്തിലൂടെ ഇഴഞ്ഞുകയറിയ പ്രതി സാധനങ്ങൾ കവരുകയായിരുന്നു. മൊബൈൽ ഫോൺ ഫ്ലാഷ്ലൈറ്റ് ഉപയോഗിച്ച് പ്രതി പരിസരത്ത് സഞ്ചരിക്കുന്നതും വിലകൂടിയ ഫോണുകൾ തിരഞ്ഞെടുക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കടയുടെ പുറത്ത് കാത്തുനിന്ന കൂട്ടാളി പ്രതിയെ സഹായിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരും ഒരുമിച്ചാണ് ചുവർ തുരന്നത്.
ഇടുങ്ങിയ ദ്വാരത്തിലൂടെ കടക്കുമ്പോൾ തന്റെ പുതിയ വസ്ത്രം നാശമാവാതിരിക്കാനാണ് ഇയാൾ വസ്ത്രമില്ലാതെ അകത്തുകടന്നതെന്ന് പിന്നീട് പൊലീസിനോട് പറഞ്ഞു. കാമുകിക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താനായിരുന്നു മോഷണം. രാജസ്ഥാനിലായിരുന്ന കടയുടമ ദിനേശ് പിറ്റേന്ന് വൈകുന്നേരം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് മോഷണം ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത ബംഗളൂരു പൊലീസ് ഇമ്രാനുല്ലയെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച ഫോണുകൾ കണ്ടെടുക്കുകയുംചെയ്തു. രണ്ടാം പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.