മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുടിലുകൾ പൊളിക്കുന്നു (ഫയൽ ചിത്രം)

യലഹങ്ക കുടിയൊഴിപ്പിക്കൽ; പുനരധിവാസ പദ്ധതിയുമായി സർക്കാർ അടിയന്തര ഉന്നതതല യോഗം ചേർന്നു

ബംഗളൂരു: യെലഹങ്കയിലെ കോഗിലു ലേഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കൽ നടപടിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഇടപെടൽ നിർണായകമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും വേണുഗോപാൽ സംസാരിച്ചതിന് പിന്നാലെ കർണാടക സർക്കാർ ഇടപെടൽ.

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തര പുനരധിവാസത്തിനുള്ള ഇടപെടലാണ് കോൺഗ്രസ് ഹൈകമാൻഡ് നടത്തിയതെന്ന് കോൺഗ്രസ് അറിയിച്ചു. ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെ പ്രവർത്തകസമിതി യോഗത്തിനായി ഡൽഹിയിലെത്തിയ സിദ്ധരാമയ്യയുമായി വേണുഗോപാൽ നേരിൽകണ്ട് പുനരധിവാസം ചർച്ച ചെയ്തിരുന്നു.കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരെയും പുനരധി വസിപ്പിക്കുമെന്ന് കർണാടക സർക്കാർ കെ.സി. വേണുഗോപാലിന് ഉറപ്പ് നൽകി.

കൈയേറ്റമാണ് ഒഴിപ്പിക്കുന്നതെങ്കിലും മനുഷ്യാവകാശങ്ങൾക്കും മാനുഷിക പരിഗണനക്കും മുൻഗണന നൽകിക്കൊണ്ടാണ് ഇത്തരം നടപടി സ്വീകരിക്കേണ്ടതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. കർണാടക ഭവന മന്ത്രി സമീർ അഹമ്മദുമായി ഫോണിൽ സംസാരിച്ച വേണുഗോപാൽ ദുരിതബാധിതരെ നേരിൽ സന്ദർശിക്കാനും അവർക്ക് ആവശ്യമായ അടിയന്തര സൗകര്യങ്ങൾ ഏർപ്പാടാക്കാനും നിർദ്ദേശിച്ചു.

മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് രണ്ടുദിവസത്തിനകം തന്നെ പകരം താമസ സൗകര്യം സജ്ജീകരിക്കുന്നതിനും അവിടേക്ക് അവർക്ക് മാറി താമസിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തണമെന്നും മന്ത്രിയോട് വേണുഗോപാൽ നിർദേശിച്ചു. മന്ത്രി സമീർ അഹമ്മദ് ഖാൻ ഞായറാഴ്ച നേരിൽ പോയി ദുരിതബാധിതരെ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ പാർപ്പിട സൗകര്യങ്ങൾ സജ്ജീകരിച്ചുവരുകയാണെന്നും അറിയിച്ചു.

പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിക്കുകയും ഗ്രേറ്റർ ബംഗളൂരു അതോറിറ്റി(ജി.ബി.എ) കമീഷണർക്ക് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു.മുഖ്യമന്ത്രി തിങ്കളാഴ്ച ബംഗളൂരുവിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിനുശേഷം കുടിയിറക്കപ്പെട്ടവർക്ക് പകരം താമസസൗകര്യം ഉടൻ ഏർപ്പാടാക്കാൻ നടപടിയാരംഭിച്ചു. ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടാകും ദുരിതബാധിതരെ പുതിയ ഭവനങ്ങളിൽ എത്തിക്കുക.

മനുഷ്യാവകാശ കമീഷൻ സന്ദർശിച്ചു

ജി.ബി.എക്കും ജില്ല ഡെപ്യൂട്ടി കമീഷണർക്കും നോട്ടീസ്

ബംഗളൂരു: നഗരത്തിന്റെ വടക്കൻ ഭാഗത്തുള്ള കൊഗിലുവിൽ കർണാടക സർക്കാറിന്റെ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ)ബുൾഡോസർ രാജ് നടപ്പാക്കിയ പ്രദേശം മനുഷ്യാവകാശ കമീഷൻ സന്ദർശിച്ചു. താമസക്കാർക്ക് ബദൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നതായും ഈ കാര്യം പരിശോധിക്കുമെന്നും സംഘം മാധ്യമങ്ങളോട് പറഞ്ഞു. ജില്ല ഡെപ്യൂട്ടി കമീഷണർക്കും ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഏഴു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കമീഷൻ ചെയർമാൻ ടി ഷാം ഭട്ട് പറഞ്ഞു.

മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണവും നിയമ ലംഘനംനടന്നിട്ടുണ്ടോ എന്നുംപരിശോധിക്കുന്നതിനായി അന്വേഷണ വിഭാഗത്തെചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സർക്കാറിന് പ്രാഥമിക ശിപാർശ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് നിർദിഷ്ട ഖരമാലിന്യ സംസ്കരണ യൂനിറ്റിനായി ഡിസംബർ 20ന് കൊഗിലുവിലെ വസീം ലേഔട്ടിലും ഫക്കീർ കോളനിയിലും വീടുകൾ പൊളിച്ചുമാറ്റിയതായി ജി.ബി.എ ഉദ്യോഗസ്ഥർ കമീഷനെഅറിയിച്ചു. ഔദ്യോഗിക അനുമതിയില്ലാതെയാണ് വീടുകൾ നിർമിച്ചതെന്നും താമസക്കാരിൽ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണെന്നും അവർ വിശദീകരിച്ചു.

ഞങ്ങളുടെ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ ആവശ്യമായരേഖകൾ സമർപ്പിക്കണമെന്നും കമീഷൻ ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു. രേഖകൾ പരിശോധിച്ച് സർക്കാർ ഭൂമിയാണെങ്കിൽ അതിനനുസൃത ശിപാർശ നൽകും -അദ്ദേഹം പറഞ്ഞു.

അതേസമയം, പൊളിക്കുന്നതിന് മുമ്പ് ബദൽ സംവിധാനമൊന്നും ഏർപ്പെടുത്തിയിരുന്നില്ലെന്ന് താമസക്കാർ ആരോപിച്ചതായി ചെയർമാൻ പറഞ്ഞു. എല്ലാ ഘടകങ്ങളും കണക്കിലെടുത്ത്, ഇപ്പോൾ ഞങ്ങൾ സർക്കാറിന് പ്രാഥമിക ശിപാർശകൾ നൽകും. ശരിയായ അന്വേഷണത്തിന് ശേഷം വിശദ റിപ്പോർട്ട് പിന്നീട് സമർപ്പിക്കും അദ്ദേഹം പറഞ്ഞു.

താമസക്കാരുടെ വിവരണങ്ങൾ അടിസ്ഥാനമാക്കി, പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് തോന്നുന്നുവെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി ചെയർമാൻ പറഞ്ഞു.രേഖകൾ പരിശോധിക്കാതെ നിഗമനത്തിലെത്താൻകഴിയില്ല. സർക്കാർ ഭൂമിയാണെന്ന് പറയുന്നതിനാൽ തങ്ങൾ സർക്കാരിന് നോട്ടീസ് നൽകുകയും നിയമപ്രകാരം സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് തേടുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ, തങ്ങൾ തീരുമാനമെടുക്കുകയും ശിപാർശ നൽകും.

ഇതുവരെ രേഖയൊന്നും പരിശോധിച്ചിട്ടില്ല. അടിസ്ഥാന വിലയിരുത്തൽ മാത്രമാണ് നടന്നത്.പൊളിക്കൽ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് താൽക്കാലിക ഷെൽട്ടറുകളും വെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളും നൽകുന്നതിലാണ് പ്രാഥമിക ശിപാർശ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- ഭട്ട് പറഞ്ഞു.

Tags:    
News Summary - Yelahanka buldozer raj; Government holds emergency meeting on rehabilitation plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.