കോട്ട ശ്രീനിവാസ പൂജാരി മേൽപാലം നിർമാണം പരിശോധിക്കുന്നു
മംഗളൂരു: കടപ്പാടി ദേശീയപാത ജങ്ഷനിൽ നിർമിക്കുന്ന മേൽപാലം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് ഉഡുപ്പി -ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ പൂജാരി ഉറപ്പ് നൽകി. പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി എം.പി കോട്ട ശ്രീനിവാസ് പൂജാരി, കൗപ് എം.എൽ.എ ഗുർമെ സുരേഷ് ഷെട്ടിക്കൊപ്പം നിർമാണ സ്ഥലം സന്ദർശിച്ചു.
നിർമാണം തൃപ്തികരമായ വേഗതയിൽ പുരോഗമിക്കുന്നുണ്ടെന്നും സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള പാതയിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് അവസാന വാരത്തോടെ റോഡിന്റെ ഒരു വശം പൂർത്തിയാക്കി വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പി പറഞ്ഞു. പുതുതായി പൂർത്തിയായ ഭാഗത്തേക്ക് ഗതാഗതം തിരിച്ചുവിട്ടുകഴിഞ്ഞാൽ, മറുവശത്തെ പണി ആരംഭിക്കും. തുടർന്ന് മേൽപാലത്തിന്റെ പണി പൂർത്തിയാകും.
ആരംഭിച്ച തീയതി മുതൽ 11 മാസത്തിനുള്ളിൽ മുഴുവൻ പദ്ധതിയും പൂർത്തിയാക്കാനാണ് പദ്ധതി. ജോലികൾ വേഗത്തിലും തൃപ്തികരമായും പുരോഗമിക്കുന്നു. എം.എൽ.എയും മറ്റ് തദ്ദേശ പ്രതിനിധികളും വികസനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാരനും നിർദേശം നൽകിയിട്ടുണ്ട് - പൂജാരി പറഞ്ഞു.
പരിശോധനയിൽ ബി.ജെ.പി നേതാവ് ഗീതാഞ്ജലി സുവർണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പവിത്ര ഷെട്ടി, സവിത അശോക് ഷെട്ടി, സുഭാഷ് ബല്ലാൾ, മൊയ്ജിൻ സാഹിബ്, കടപ്പാടി പൊലീസ് സബ് ഇൻസ്പെക്ടർ ദയാനന്ദ്, മുരളീധര പൈ, സന്തോഷ്, ഹർഷിത്ത്, നിതിൻ വി. ഷെരീഗർ തുടങ്ങി നിരവധി പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.