അരുൺ പൈയും ഗ്രേറ്റർ ബംഗളൂരു അതോറിറ്റി വളന്റിയർമാരും ചേർന്ന് സംഘടിപ്പിച്ച വാക്കലൂരുവിൽനിന്ന്
ബംഗളൂരു: അരുൺ പൈയും ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) വളന്റിയർമാരും ചേർന്ന് സംഘടിപ്പിച്ച വാക്കലൂരു വേറിട്ട അനുഭവമായി. നടപ്പാതകളിലെ യാത്ര സുരക്ഷിതമാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇത്തരമൊരു സംരംഭം നടത്തിയത്. പുതുവര്‍ഷത്തില്‍ നടത്തിയ പരിപാടിയില്‍ ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയിലെ (ജി.ബി.എ) മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം 300ലധികം പൗരന്മാരും പങ്കെടുത്തു.
പുതുവത്സര ദിനത്തിൽ കാൽനട സുരക്ഷ, നടപ്പാതകളിലെ അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര നഗര വികസനം എന്നിവ ലക്ഷ്യമാക്കി നഗരത്തിലുടനീളം 26 കിലോമീറ്റർ നടപ്പാതയിലൂടെയുള്ള പദയാത്ര രാവിലെ ഏഴിന് ആർ.വി റോഡ് മെട്രോ സ്റ്റേഷനിൽ ജി.ബി.എ ചീഫ് കമീഷണർ എം. മഹേശ്വര റാവു ഫ്ലാഗ് ഓഫ് ചെയ്തു. കടന്നുപോകുന്ന നഗരവീഥികളുടെ ചരിത്രവും അവയുടെ പ്രധാന്യവും വിശദീകരിച്ചുകൊണ്ടുള്ള യാത്ര ഹൃദ്യമായിരുന്നുവെന്ന് പദയാത്രയില്‍ പങ്കെടുത്ത മലയാളിയും സ്വകാര്യ കമ്പനി സീനിയര്‍ ജനറല്‍ മാനേജററുമായ സിറാജ് പുത്തന്‍പുരയില്‍ പറഞ്ഞു.
എഴുവയസ്സുകാരന് മുതല്‍ 70 വയസ്സുകാരന് വരെ ആവേശത്തോടെ വാക്കലൂരുവില് പങ്കെടുത്തു. യാത്രക്ക് നേതൃത്വം നല്കിയ അരുണ്‍ ബംഗളൂരുവിന്റെ ഭൂതകാല സ്മരണകളിലേക്ക് വെളിച്ചം വീശി. മലയാളിയായ തനിക്ക് ബംഗളൂരുവിനെക്കുറിച്ച് ആഴത്തിലറിയാന്‍ യാത്ര സഹായകമായെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ലാല്‍ ബാഗ്, കബ്ബണ്‍ പാര്‍ക്ക് എന്നിവിടങ്ങൾ സന്ദര്‍ശിച്ച സംഘത്തിന് അവയുടെ ചരിത്രങ്ങള്കൂടി അടുത്തറിയാന്‍ സാധിച്ചു. യാത്രക്ക് പിന്തുണയുമായി ബംഗളൂരുവിലെ കലാകാരന്മാര് അവതരിപ്പിച്ച നിരവധി പരിപാടികളും നടന്നു. കര്‍ണാടക, തമിഴ്നാട് രാഷ്ട്രീയ പോരിനിടയില്‍ 13 വര്‍ഷത്തോളം അനാച്ഛാദനം മുടങ്ങിയ തിരുക്കുറല്‍ പ്രതിമയെക്കുറിച്ചും താന്‍ ആദ്യമായി അറിഞ്ഞത് ഈ യാത്രയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ആർ.വി റോഡ്, ജയനഗർ, സിദ്ധാപുര, ലാൽബാഗ്, കെ.എച്ച് റോഡ്, കെ-100 ഇടനാഴി, ഹൊസൂർ റോഡ്, റിച്ച്മണ്ട് റോഡ്, കബ്ബൺ പാർക്ക്, വിധാന സൗധ, കബ്ബൺ റോഡ്, ഹലസൂർ തടാകം, കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷൻ, ജയമഹൽ, മേഖ്രി സർക്കിൾ, യശ്വന്ത്പുർ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലൂടെയായിരുന്നു നടത്തം. വാക്കലൂരുവിനായി നിശ്ചയിച്ച പാതകള്‍ ജി.ബി.എ നേരത്തേ വൃത്തിയാക്കിയിരുന്നു. മലിനജല ഓടകള്‍പോലും ശുചിയാക്കി സമീപം ചെടികൾ വെച്ചുപിടിപ്പിച്ചിരുന്നു.ഓടയുടെ ദുര്‍ഗന്ധം ഒട്ടുമില്ലാത്ത യാത്രയായിരുന്നു. കര്‍ണാടകയുടെ ഭൂതകാലത്തിലേക്ക് വെളിച്ചംവീശുന്ന യാത്ര കര്‍ണാടകയിലെ താമസക്കാര്‍ ഓരോരുത്തരും അടുത്തറിയേണ്ടതാണെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നത് തടയാൻ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ള നിരവധി ഭാഗങ്ങൾ തിരിച്ചറിയാൻ ഈ നടത്തം ഉദ്യോഗസ്ഥരെ സഹായിച്ചതായി പരിപാടിയിൽ സംസാരിച്ച റാവു പറഞ്ഞു. നടപ്പാതകളിൽ കൂടുതൽ പൊതു ശൗചാലയങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 165 പേർ വൈകീട്ട് 6.30ഓടെ 26 കിലോമീറ്റർ നടത്തം വിജയകരമായി പൂർത്തിയാക്കി. ചില സ്ഥലങ്ങളിൽ കൂടുതൽ റാമ്പുകൾ വേണമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, സൗത്ത്, വെസ്റ്റ്, നോർത്ത് സിറ്റി കോർപറേഷനുകളിൽനിന്നുള്ള കമീഷണർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.