ബംഗളൂരു: ചിക്കബല്ലാപുരയിലും റായ്ച്ചൂരിലുമുണ്ടായ വാഹനാപകടങ്ങളിൽ ആറുപേർ മരിച്ചു. റായ്ച്ചൂർ സിദ്ധനൂരിൽ ചരക്കുവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പഗദിദിന്നി വില്ലേജിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മയിൽ (25), ചന്നബസപ്പ (26), അംബരീഷ് (20), രവി (21) എന്നിവരാണ് മരിച്ചത്. വിവാഹ ഡെക്കറേഷൻ ജോലിക്കായി സിന്ധനൂരിൽനിന്ന് മദ്ലാപൂരിലേക്ക് പോയ അഞ്ചംഗ സംഘം സഞ്ചരിച്ച മിനിട്രക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച നാലുപേരും പരിക്കേറ്റയാളും മിനിട്രക്കിൽ സഞ്ചരിച്ചവരാണ്. അപകട ശേഷം ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു. സിന്ധനുർ റൂറൽ പൊലീസ് കേസെടുത്തു.
ചിക്കബല്ലാപുരയിൽ സ്വകാര്യ ബസ് മരത്തിലിടിച്ച് മറിഞ്ഞാണ് രണ്ടുപേർ മരിച്ചത്. പതപാളയ വില്ലേജിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം. ബസിൽ 30ഓളം യാത്രക്കാരുണ്ടായിരുന്നു. ബസിൽ കുടുങ്ങിയവരെ നാട്ടുകാർ ശ്രമകരമായാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ പിന്നാലെ വന്ന സ്വകാര്യ വാഹനങ്ങളിൽ ബാഗേപ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചു. ബസ് അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.
ബംഗളൂരു: ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിൽ തീപടർന്ന് രണ്ടുപേർ വെന്തുമരിച്ചു. ബെളഗാവി ബംബർഗ സ്വദേശി മോഹൻ ബെളഗോയങ്കാർ (24), മച്ചെ വില്ലേജ് സ്വദേശിനി സമീക്ഷ ദിയേകർ (12) എന്നിവരാണ് മരിച്ചത്. ബെളഗാവി ബംബർഗ ക്രോസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.