മരംവീണ് ഗതാഗതം തടസ്സപ്പെട്ട നിലയിൽ
ബംഗളൂരു: കൊടുംചൂടിൽ പൊരിഞ്ഞ നഗരത്തിന് ആശ്വാസമായി പരക്കെ കനത്ത മഴയും കാറ്റും. ഓർക്കാപ്പുറത്തെ പെരുമഴ നഗരത്തിൽ വൻ യാത്രാദുരിതത്തിനും ഗതാഗതക്കുരുക്കിനും വഴിവെച്ചു. ഓഫീസ് സമയത്തിന് ശേഷം പാർപ്പിടങ്ങളിലേക്ക് മടങ്ങാനിറങ്ങിയ ജീവനക്കാരും വാഹനമോടിക്കുന്നവരും റോഡുകളിൽ മണിക്കൂറുകളോളം കുടുങ്ങി .
മഴയെത്തുടർന്ന് ഇരുചക്രവാഹന യാത്രക്കാർ റോഡരികുകളിലും ബസ് സ്റ്റോപ്പുകളിലും കടത്തിണ്ണകളിലും ബൈക്കുകൾ നിറുത്തിയത് ഗതാഗതം കൂടുതൽ സങ്കീർണ്ണമാക്കി. നഗരത്തിലെ ഭൂരിഭാഗം പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. ശാസ്ത്രീയമായ ഓവുചാൽ സംവിധാനമില്ലാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുളിൽ വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
വസന്തനഗർ, സിറ്റി മാർക്കറ്റ്, മജസ്റ്റിക്, ശാന്തിനഗർ, ജയനഗർ, ജെ.പി. നഗർ, ബനശങ്കരി, കോണനകുണ്ടെ, ഹെബ്ബാൾ, യെലഹങ്ക, സദാശിവനഗർ, രാജാജിനഗർ, വിജയനഗർ, ചന്ദ്ര ലേഔട്ട്, ഇന്ദിരാനഗർ, ലഗ്ഗെരെ, നന്ദിനി ലേഔട്ട്, സുബ്രഹ്മണ്യനഗർ, രാജരാജേശ്വരി നഗർ, ബസവനഗുഡി, മല്ലേശ്വരം, ശേഷാദ്രിപുരം, വിവേക് നഗർ തുടങ്ങി നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തീരദേശ കർണാടക, വടക്കൻ-തെക്കൻ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.