മംഗളൂരു: വികസന പ്രവർത്തനങ്ങൾ, സർക്കാർ പദ്ധതി നിർവഹണം, പൊതുജന പരാതി പരിഹാരം എന്നിവക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കർണാടകയിൽ ഭരണ പരിഷ്കാരത്തിന് തുടക്കം.
നിലവിലുള്ള ജില്ല ഡെപ്യൂട്ടി കമ്മീഷണർമാർ(കലക്ടർ) ജൂനിയർ ഐഎഎസുകാരാണ്. ദക്ഷിണ കന്നട ജില്ലയിൽ ഡോ.വി. റാം പ്രസാദ് മനോഹറിനേയും ഉഡുപ്പി ജില്ലയിൽ രോഹിണി സിന്ദൂരിയെയും നിയമിച്ചു. 2010 ബാച്ച് കർണാടക കേഡർ ഐഎഎസ് ഓഫീസറാണ് റാം പ്രസാദ്.ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശനാവട്ടെ 2016 ബാച്ച് കർണാടക കേഡർ ഐഎഎസാണ്.
ഉഡുപ്പി ജില്ല ചുമതലയുള്ള രോഹിണി സിന്ദൂരി 2009 ലെ യുപിഎസ് സി സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 43-ാം റാങ്ക് നേടി കർണാടകയിലെ ജില്ലകളിലും വകുപ്പുകളിലും ഭരണ മികവ് തെളിയിച്ച ഐഎഎസ് താരമാണ്.
ഉഡുപ്പി ഡെപ്യൂട്ടി കമീഷണർ ടി.കെ. സ്വരൂപ, 2012 ബാച്ച് കർണാടക കേഡർ ഐഎഎസാണ്. സംസ്ഥാനത്തെ 31ജില്ലകളിലും സെക്രട്ടറിമാരായി മുതിർന്ന ഐഎഎസുകാരെ സെക്രട്ടറിമാരായി സർക്കാർ നിയമിച്ചിട്ടുണ്ട്. അതത് ജില്ലകളിലെ വികസന പരിപാടികൾ നിരീക്ഷിക്കുന്നതിനും പ്രധാന മേഖലകളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും സംസ്ഥാന സർക്കാരിന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിനും ഇവർക്ക് ഉത്തരവാദിത്തമുണ്ട്.
നിയുക്ത ജില്ലകൾ സന്ദർശിച്ച് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ക്ഷേമ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സർക്കാർ സംരംഭങ്ങളുടെ നടത്തിപ്പ് വിലയിരുത്തും. ഭരണത്തിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും ജില്ലാതല ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്ന് നിയമന ഉത്തരവിൽ പറയുന്നു.
സ്കൂളുകൾ, കോളേജുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, അങ്കണവാടികൾ, സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ സേവന വിതരണം താഴെത്തട്ടിൽ അവലോകനം ചെയ്യുന്നതിനായി പതിവായി അപ്രതീക്ഷിത പരിശോധനകൾ നടത്താൻ ജില്ല ചുമതലയുള്ള സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ നിയുക്ത ഡി.ഐ.എസ് പോർട്ടലിൽ ഉദ്യോഗസ്ഥർ പ്രതിമാസ പരിശോധനാ റിപ്പോർട്ടുകൾ അപ്‌ലോഡ് ചെയ്യണം.
ഗ്രാമസഭകളിൽ പങ്കെടുക്കാനും പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും കെട്ടിക്കിടക്കുന്ന റവന്യൂ, ഭൂമി സംബന്ധമായ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും സെക്രട്ടറിമാർക്ക് അധികാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.