ബംഗളൂരു: പ്രണയം നിരസിച്ചതിനെ തുടർന്ന് നിയമ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. അമൃത (22)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരന്മാരെ അറസ്റ്റ് ചെയ്തു. പ്രതികളായ ധനുഷിനെയും സഹോദരൻ സൂര്യയെയും ജീവൻ ഭീമനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജീവൻ ഭീമനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എച്ച്.എ.എൽ റോഡിലെ കൊഡിഹള്ളിയിൽ ജൂലൈ 13-നാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. നാലാം വർഷ നിയമ വിദ്യാര്‍ഥിനിയായിരുന്ന അമൃത എച്ച്.എ.എൽ പ്രദേശത്തെ കൊടിച്ചിക്കനഹള്ളിയിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. അമൃതയും ധനുഷും മൂന്ന് വർഷം മുമ്പ് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.
താൻ മുമ്പ് വിവാഹിതനാണെന്നും വിവാഹമോചനം നേടിയിട്ടുണ്ടെന്നും ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരങ്ങള്‍ ധനുഷ് മറച്ചുവെച്ചതായും അമൃത ഇക്കാര്യം അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതായും പൊലീസ് പറഞ്ഞു. അമൃത അകലാന്‍ തുടങ്ങിയതില്‍ ധനുഷ് അസ്വസ്ഥനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ 13 ന് വൈകുന്നേരം സ്വന്തം സഹോദരൻ സൂര്യയുമായി അമൃതയുടെ വീട്ടിൽ എത്തി വഴക്കുണ്ടാക്കുകയും അമൃതയെ കത്തികൊണ്ട് കുത്തുകയായിരുന്നു. പ്രതികള്‍ക്കേതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.