ഗുരുസ്വാമിയും കുടുംബാംഗങ്ങളും പ്രതിഷേധിക്കുന്നു

പിതാവിന്റെ മരണസർട്ടിഫിക്കറ്റിന് അപേക്ഷിച്ച മകന് നൽകിയത് സ്വന്തം മരണസർട്ടിഫിക്കറ്റ് ; നിങ്ങൾ മരിച്ചുപോയെന്ന് ഗുരുസ്വാമിയോട് മൈസൂരു നഗരസഭ

മൈസൂരു: മൈസൂരു സിറ്റി കോർപറേഷൻ (എം.സി.സി) സോണൽ ഓഫിസ്-ആറ്, ആരോഗ്യത്തോടെ ജീവിക്കുന്ന വ്യക്തിക്ക് മരണ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. നിയമപരമായി അദ്ദേഹത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായും ആരോപണം. പിതാവിന്റെ മരണ സർട്ടിഫിക്കറ്റിന് അപേക്ഷിച്ച ഗുണ്ട്‌ലുപേട്ട് താലൂക്കിലെ ഹോണകണപുര ഗ്രാമത്തിൽ നിന്നുള്ള ഗുരുസ്വാമിക്കാണ് നഗരസഭ അധികൃതർ സ്വന്തം മരണസർട്ടിഫിക്കറ്റ് അടിച്ചുനൽകിയത്.

പിതാവ് ശിവണ്ണാചാരി 2021 ഏപ്രിൽ 14 ന് നഗരത്തിലെ കെ.ആർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചിരുന്നു. ഇതോടെയാണ് ഗുരുസ്വാമി എം.സി.സിയുടെ സോൺ -ആറ് ഓഫിസിൽ പിതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. വിചിത്രമെന്നു പറയട്ടെ, ശിവണ്ണാചാരിയുടെ മരണ സർട്ടിഫിക്കറ്റിന് പകരം ഗുരുസ്വാമിയുടെ മരണ സർട്ടിഫിക്കറ്റാണ് നഗരസഭ നൽകി. ഗുരുസ്വാമി എം.സി.സിയിൽ അന്വേഷിച്ചപ്പോൾ, മരണ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കോടതിയെ സമീപിക്കാനായിരുന്നു നിർദേശം.

ഇതിൽ പ്രതിഷേധിച്ച് ഗുരുസ്വാമി, ഭാര്യ പ്രേമ, കർണാടക രാജ്യ റൈത്ത സംഘ (കെ.ആർ.ആർ.എസ്) അംഗങ്ങൾ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി.ആർ വിദ്യാസാഗറിന്റെ നേതൃത്വത്തിൽ നഗരത്തിലെ ന്യൂ സയ്യാജി റാവു റോഡിലുള്ള എംസിസി മെയിൻ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. ജീവിച്ചിരിക്കെ മരണ സർട്ടിഫിക്കറ്റ് നൽകിയതിലുള്ള പ്രതിഷേധം മരച്ചതുപോലെ കിടന്നാണ് ഗുരുസ്വാമി പ്രകടിപ്പിച്ചത്. ജൂലൈ 10നകം സർട്ടിഫിക്കറ്റ് ശരിയാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെത്തുടർന്ന് പ്രതിഷേധം പിന്നീട് അവസാനിപ്പിച്ചു. കെ.ആർ.ആർ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹിമ്മാവു രഘു, സിറ്റി പ്രസിഡന്റ് ബസപ്പ, ജില്ലാ പ്രസിഡന്റ് സതീഷ്, വനിതാ യൂണിറ്റ് പ്രസിഡന്റ് ശ്വേത, വൈസ് പ്രസിഡന്റ് രത്നമ്മ, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചുണ്ട, ഭാരവാഹി മഹാദേവ് നായക്, അഹിന്ദ ജവരപ്പ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Mysore Municipality gives son his own death certificate after applying for father's death certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.