ഒന്നരകിലോ സ്വർണ്ണ ബിസ്കറ്റുകൾ, ജ്വല്ലറിയിൽ പരിശോധിച്ചപ്പോൾ എല്ലാം വ്യാജം, തട്ടിയെടുത്തത് 25 ലക്ഷം: ബംഗളൂരുവിൽ വ്യാജ സ്വർണ്ണം നൽകി കബളിപ്പിച്ച പ്രതി അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ വ്യാജ സ്വർണ്ണ ബിസ്കറ്റ് നൽകി കാർ ഡീലറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ്നഗർ സ്വദേശിയായ പരാതിക്കാരന്‍ നൽകിയ പരാതിയിലാണ് തിലക്നഗർ പൊലീസിന്‍റെ നടപടി. ഇയാളിൽ നിന്നും 19 ലക്ഷം രൂപയോളം പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ചിത്രദുർഗ മേഖലയിൽ നിന്നും പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു. ഹരപ്പനഹള്ളിയിലെ കൃഷിഭൂമിയിൽ ബോർവെൽ കുഴിക്കുന്നതിനിടെ ഒന്നരകിലോയോളം സ്വർണ്ണം ലഭിച്ചിട്ടുണ്ടെന്നും ഇത് കുറഞ്ഞ നിരക്കിൽ തരാമെന്നും പറഞ്ഞ് പ്രതിയും മറ്റൊരാളും പരാതിക്കാരനെ സമീപിക്കുകയായിരുന്നു. വിശ്വാസം പിടിച്ചുപറ്റുന്നതിനായി പ്രതികൾ വ്യാജ ബിസ്കറ്റിന്‍റെ ഫോട്ടോയും വാട്സ്ആപ്പിലൂടെ അയച്ചു നൽകുകയും പിന്നീട് നടന്ന കൂടികാഴ്ചയിൽ 2 ഗ്രാം സ്വർണ്ണത്തിന്‍റെ സാമ്പിൾ കാണിക്കുയും ചെയ്തിരുന്നു.

ഈ സാമ്പിൾ പരിശോധിച്ച് യഥാർഥ സ്വർണ്ണമാണെന്ന് ഉറപ്പുവരുത്തിയ പരാതിക്കാരൻ ആദ്യം 2 ലക്ഷം രൂപയും പിന്നീട് 23 ലക്ഷം രൂപയും പ്രതികൾക്ക് നൽകി. പകരമായി ലഭിച്ച 1.5 കിലോ സ്വർണ്ണമെന്ന് കരുതിയ ബിസ്കറ്റുകൾ ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    
News Summary - 1.5 kg of gold biscuits found to be fake when checked at a jewellery store; 2.5 million swindled: Accused who cheated by providing fake gold arrested in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.