ജി. പരമേശ്വര
ബംഗളൂരു: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലായി ഒഴിഞ്ഞുകിടക്കുന്ന 72,000 ത്തിലധികം ഒഴിവുകൾ നികത്താനുള്ള ശ്രമങ്ങൾ സർക്കാർ വേഗത്തിലാക്കുമെന്നും നിയമന പ്രക്രിയക്ക് മേൽനോട്ടം വഹിക്കാൻ ഉമാ മഹാദേവൻ, ഗൗരവ് ഗുപ്ത എന്നീ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര.
2,186 ഒഴിവുകൾ നികത്താൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആറ് മാസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഏകദേശം 2.5 ലക്ഷം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി പറഞ്ഞിരുന്നു.
അവ ഘട്ടം ഘട്ടമായി നികത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പല കാരണങ്ങളാൽ പ്രക്രിയ വൈകിയെന്നും ഉപമുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജസ്റ്റിസ് നാഗമോഹൻ ദാസ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സമഗ്രമായ അവലോകനം നടത്തി സംവരണ പ്രശ്നം പരിഹരിച്ചു.
ഇതിനെത്തുടർന്നാണ് 56,942 തസ്തികകൾ നികത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്. നിയമന പ്രക്രിയ ഇതിനകം ആരംഭിച്ചതായും 24,000 തസ്തികകൾക്ക് ധനകാര്യ വകുപ്പ് അനുമതി നൽകിയതായും അദ്ദേഹം വിശദീകരിച്ചു. എല്ലാ വകുപ്പുകളോടും നിയമന വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി മാറിയതിനെത്തുടർന്ന് സർക്കാർ വീണ്ടും നിയമന പദ്ധതി അവലോകനം ചെയ്യുകയും 72,000 ഒഴിവുകൾ നികത്താൻ തീരുമാനിക്കുകയും ചെയ്തു.
റവന്യൂ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾക്ക് നിയമന വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ വകുപ്പുകളിലുമുള്ള അധ്യാപകർ, ഡോക്ടർമാർ, നഴ്‌സുമാർ, എൻജിനീയർമാർ, ജീവനക്കാർ എന്നിവരുടെ നിയമനം കാലതാമസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ മന്ത്രിസഭ അടുത്തിടെ ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ നിരവധി തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.