മാലിന്യ സംസ്കരണ ടാങ്കിൽ വീണവര്ക്കായുള്ള തിരച്ചില്‍
ബംഗളൂരു: മലിനജല സംസ്കരണ പ്ലാന്‍റിലെ ടാങ്കിൽ വീണ് രണ്ട് പേരെ കാണാതായി. വർത്തൂരിലെ ബെലഗെരെയിലുള്ള ബി.ഡബ്ല്യു.എസ്.എസ്.ബിയുടെ മലിനജല സംസ്കരണ പ്ലാന്‍റിലാണ് ഒരു എഞ്ചിനീയർ ഉൾപ്പെടെ രണ്ട് പേരെ കാണാതായത്. തമിഴ്നാട് സ്വദേശിയായ എഞ്ചിനീയർ അഖിലൻ മോഹൻ, ബിഹാര്‍ സ്വദേശി സ്റ്റാഫർ ബ്രിജേഷ് കുമാർ എന്നിവരെയാണ് കാണാതായത്. മറ്റൊരു തൊഴിലാളിയായ കാർത്തിക്കിനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ അറ്റകുറ്റപ്പണികൾക്കായി ഇറങ്ങുന്നതിനിടെയാണ് അപകടം.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനായി ഏകദേശം 30 അടി മലിനജലം പുറത്തേക്ക് ഒഴുക്കി. രണ്ടുപേരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ എത്രയും വേഗം കണ്ടെത്തുന്നതിനും സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനുമായി ബി.ഡബ്ല്യു.എസ്.എസ്.ബി സാധ്യമായ എല്ലാ ശ്രമങ്ങളും ആരംഭിച്ചു. ഡ്രെയിനേജ് ടാങ്കിനുള്ളിലെ വിഷവാതകങ്ങളും ഉയർന്ന ജലസമ്മർദവും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ടാങ്കിനുള്ളിലെ വിഷവാതക തോത് നിയന്ത്രണ വിധേയമാക്കാനായി ദേശീയ ദുരന്ത നിവാരണ സേനയിലെ വിദഗ്ധരെയും അഗ്നിശമന സേനവിദഗ്ധരെയും വിളിപ്പിച്ചു. ടാങ്കിലെ വിഷവാതകം നീക്കം ചെയ്യുന്നതിനായി ഓക്സിജൻ പമ്പ് ചെയ്തു. എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ ടാങ്കിലേക്ക് പ്രവേശിച്ച് തിരച്ചിൽ തുടർന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താനും റിപ്പോർട്ട് സമര്‍പ്പിക്കാനും ബി.ഡബ്ല്യു.എസ്.എസ്.ബി ചെയർമാൻ ഡോ. മഞ്ജുള ഉത്തരവിട്ടു. അശ്രദ്ധ കാണിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.