മംഗളൂരു: ഡിസംബർ 28ന് ഹുൻസൂരിലെ സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട് സ്റ്റോറിൽനിന്ന് 10 കോടി രൂപയിലധികം വിലമതിക്കുന്ന 8.32 കിലോഗ്രാം സ്വർണാഭരണങ്ങൾ കൊള്ളയടിച്ച കേസിൽ ഉൾപ്പെട്ട രണ്ടുപേരെ കർണാടക പൊലീസ് ബിഹാറിൽനിന്ന് അറസ്റ്റ് ചെയ്തു. ദർഭംഗ ആസ്ഥാനമായുള്ള സംഘത്തിലെ രണ്ടു പേരാണ് ബിഹാർ സ്പെഷൽ ടാസ്ക് ഫോഴ്സിന്റെ (എസ്.ടി.എഫ്) ബാങ്ക് ആൻഡ് ജ്വല്ലറി സെല്ലും കർണാടക പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ അറസ്റ്റിലായത്. ഹയഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖരാരിയിലെ ഋഷികേശ് സിങ് എന്ന പത്തൽ സിങ് എന്ന ഛോട്ടു സിങ് (40), ഭഗൽപൂർ ജില്ലയിലെ നൗഗച്ചിയ പൊലീസ് പരിധിയിലെ പക്രയിലെ പങ്കജ് കുമാർ എന്ന സട്ടുവ (39) എന്നിവരാണ് പ്രതികൾ.
ഇവർ ബിഹാറിൽ ഒളിവിൽ കഴിയുന്നതിനെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതിനെത്തുടർന്ന് ഹുൻസൂർ ഇൻസ്പെക്ടർമാരായ ആർ. സന്തോഷ് കശ്യപ്, ടി.എം. പുനീത്, സബ് ഇൻസ്പെക്ടർ അജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ബിഹാറിലേക്ക് അയക്കുകയായിരുന്നു. ഡിസംബർ 28ന് ഉച്ചക്ക് 2.04ഓടെ മുഖംമൂടി ധരിച്ച അഞ്ചുപേർ പിസ്റ്റളുകളുമായി ജ്വല്ലറിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി സ്വർണം കൊള്ളയടിച്ചു എന്നാണ് കേസ്. പിന്നീട് നാട്ടുകാർക്ക് നേരെ തോക്കുകൾ ചൂണ്ടി ബൈക്കുകളിൽ രക്ഷപ്പെട്ടു. മുഖ്യപ്രതി പങ്കജ് കുമാർ ബിഹാറിൽ ഒരേക്കർ സ്ഥലത്ത് വീട് പണിതിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
2023ലെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 310(2), 351(2) എന്നിവ പ്രകാരം കൊള്ളയടിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടും ആയുധ നിയമത്തിലെ സെക്ഷൻ 3, 25 എന്നിവ പ്രകാരം നിയമവിരുദ്ധമായി തോക്കുകൾ കൈവശം വെച്ചതിനും കേസെടുത്തു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയും ജ്വല്ലറി ഉടമകളിൽ ഒരാളുമായ സൈനുദ്ദീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽനിന്ന് ഇരുചക്ര വാഹനം, 92,000 രൂപ, 12.5 ഗ്രാം ഭാരമുള്ള മോഷ്ടിച്ച സ്വർണമാല, സ്വർണമോതിരം, സ്കൈ ജ്വല്ലറി ആൻഡ് ഡയമണ്ട്സ് ലോഗോ പതിച്ച ആഭരണ സംഭരണപ്പെട്ടി, കുറ്റകൃത്യത്തിന് ഉപയോഗിച്ച ബുള്ളറ്റ് ബൈക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഹുൻസൂർ കവർച്ച നടത്തുന്നതിന് മുമ്പ് ജയ്പൂർ, വിശാഖപട്ടണം, മൈസൂരു എന്നിവിടങ്ങളിൽ തങ്ങളുടെ സംഘം രഹസ്യാന്വേഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തി. കുറ്റകൃത്യം നടപ്പിലാക്കുന്നതിൽ പങ്കജ് കുമാറിന് സഹായം ലഭിച്ചിട്ടുണ്ടെന്നും മറ്റ് സംഘാംഗങ്ങളെ കണ്ടെത്തുന്നതിനും മോഷ്ടിച്ച ബാക്കി സ്വർണം വീണ്ടെടുക്കുന്നതിനുമായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകശ്രമം, കവർച്ച, ആയുധ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ പങ്കജ് കുമാറിനെതിരെ ബിഹാർ, ഝാർഖണ്ഡ്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലായി 16 കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.
ഋഷികേശ് സിങ്ങിനെതിരെ ബിഹാറിലെ പൂർണിയ, നൗഗച്ചിയ ജില്ലകളിലും ഹുൻസൂർ പൊലീസ് സ്റ്റേഷനിലും കൊലപാതകം, കവർച്ച, ആയുധ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് നാല് കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.