ബംഗളൂരു: കൊത്തനൂരിന് സമീപം നാരായണപുരയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് സഹോദരങ്ങൾ മരിച്ചു . റായ്ച്ചൂർ സ്വദേശികളായ ദുർഗപ്പ-സാവിത്രി ദമ്പതികളുടെ മക്കളായ അർജുൻ (അഞ്ച്), ആശ (മൂന്ന്) എന്നിവരാണ് മരിച്ചത്.
ആറുമാസം മുമ്പ് ഉപജീവനത്തിനായി ബംഗളൂരുവിലേക്ക് കുടിയേറിയ ഈ കുടുംബം നാരായണപുരയിലെ താൽക്കാലിക ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ജെ.സി.എസ് എന്ന കമ്പനിയിലെ തൊഴിലാളികളായ ദമ്പതികൾ സ്വന്തം ഗ്രാമത്തിൽ അവധി കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു . ജോലിസ്ഥലത്തേക്ക് കുട്ടികളെ കൊണ്ടുവരരുതെന്ന കരാറുകാരന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് മുത്തശ്ശിയെ ഏൽപ്പിച്ചാണ് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നത്.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ മുത്തശ്ശി അത്യാവശ്യ കാര്യത്തിനായി പുറത്തുപോയ സമയത്ത് കുട്ടികൾ തനിച്ചായിരുന്ന ഷെഡിന് തീപിടിക്കുകയായിരുന്നു. അതിവേഗം പടർന്ന തീയിൽ നിന്നും രക്ഷപ്പെടാനാകാതെ പിഞ്ചുകുഞ്ഞുങ്ങൾ ഷെഡിനുള്ളിൽ കുടുങ്ങിപ്പോയി. ഒരു കുട്ടി അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും രണ്ടാമത്തെ കുട്ടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ജീവൻ വെടിയുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ കൊത്തനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.