ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകയിലെ വരൾച്ച വിലയിരുത്താൻ കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
മഴയുടെ കുറവ് സംസ്ഥാനത്തെ കൃഷി, കുടിവെള്ളം, ജലസംഭരണികൾ എന്നിവയെ പ്രതികൂലമായി ബാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക വരൾച്ച ലഘൂകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് നേരത്തെയുള്ള വിലയിരുത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദിക്ക് അയച്ച കത്തിൽ ശിവകുമാർ പറഞ്ഞു.
കർണാടകയിൽ സാധാരണ 292 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 203 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത് 30 ശതമാനം കുറവാണ്. സംസ്ഥാനത്തെ 31 ജില്ലകളിൽ 18 എണ്ണത്തിലും 240 താലൂക്കുകളിൽ 141 എണ്ണത്തിലും മഴയുടെ അളവില്‍ കുറവ് രേഖപ്പെടുത്തി.
എൽ നിനോ പ്രതിഭാസം ഖാരിഫ് കൃഷിയെ സാരമായി ബാധിച്ചു. 2026 ജൂലൈ ആദ്യ ആഴ്ചയിലെ കണക്കനുസരിച്ച് ഖാരിഫ് വിതയ്ക്കൽ 28.36 ലക്ഷം ഹെക്ടറിൽ മാത്രമേ നടന്നിട്ടുള്ളൂ. ഇത് 34 ശതമാനം മാത്രമാണ്. ജൂലൈ 10 ലെ കണക്കനുസരിച്ച് കർണാടകയിലെ 14 പ്രധാന ജലസംഭരണികളിലെ മൊത്തം സംഭരണശേഷി 303 ടി.എം.സി മാത്രമാണ്. മൊത്തം സംഭരണശേഷിയായ 895.65 ടി.എം.സിയുടെ 34 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
84.79 ലക്ഷം ഹെക്ടർ മഴയെ ആശ്രയിച്ചുള്ള കൃഷിഭൂമിയുള്ള കർണാടകയില്‍ മഴയുടെ കുറവ് കൃഷിയെ ബാധിക്കും. രാജ്യത്തെ ഏറ്റവുമധികം പയർവർഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥനമാണ് കര്‍ണാടക. ഉൽപ്പാദനത്തിൽ കുത്തനെ ഇടിവ് സംഭവിച്ചാൽ അത് ദേശീയ തലത്തില്‍ പയറുവര്‍ഗങ്ങളുടെ വിലയെയും ലഭ്യതയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരൾച്ച ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.