ബംഗളൂരു: കന്നട സംസാരിച്ചതിന് നഗരത്തിലെ ആർ.വി ലേണിങ് ഹബ് കോളജിൽനിന്ന് അധ്യാപകനെ പുറത്താക്കിയതായി പരാതി. ഇതേത്തുടർന്ന് കർണാടകയിൽ കന്നട സംസാരിക്കുന്നതും കുറ്റകരമാണോ എന്ന ചോദ്യവുമായി സമൂഹ മാധ്യമങ്ങളിൽ സംവാദം കൊഴുത്തു. കന്നടയിൽ ചോദിച്ച വിദ്യാർഥിക്ക് അതേ ഭാഷയിൽ ഉത്തരം നൽകിയതിന് അധ്യാപകനെ ജോലിയിൽനിന്ന് പുറത്താക്കിയതെന്ന് പറയുന്നു.
കന്നടയിൽ ഉത്തരം പറഞ്ഞതിനെ മറ്റൊരു വിദ്യാർഥി എതിർക്കുകയും കന്നടയിൽ പഠിപ്പിക്കരുത്, ഇംഗ്ലീഷിൽ സംസാരിക്കണം, ഞങ്ങൾക്ക് കന്നട മനസ്സിലാകുന്നില്ലെന്ന് വാദിക്കുകയും ചെയ്തു. കന്നട ഈ നാടിന്റെ ഭാഷയാണെന്നും ക്രിമിനൽ ഭാഷയല്ലെന്നും അധ്യാപകൻ വിദ്യാർഥിയെ ഉപദേശിച്ചു. എന്നാൽ കന്നട മനസ്സിലാവുന്നില്ലെന്നും ഇംഗ്ലീഷിൽ പഠിപ്പിക്കണമെന്നും വിദ്യാർഥി വീണ്ടും നിർബന്ധിച്ചു. സംഭവം നടന്നതിന്റെ പിറ്റേന്ന് ലെക്ചറർ ക്ലാസിൽ കയറിയതിന് പിറകെ പ്രിൻസിപ്പൽ അദ്ദേഹത്തെ വിളിച്ച് രാജി ആവശ്യപ്പെട്ടു.
രാജിക്കത്തിൽ ഒപ്പിട്ടില്ലെങ്കിൽ കോളജിലെ മറ്റൊരു ബ്രാഞ്ചിൽനിന്നുള്ള മകളുടെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് രാജിവെച്ചതെന്ന് അധ്യാപകൻ വിഡിയോയിൽ പറഞ്ഞു. കന്നട സംസാരിക്കുകയും കന്നടയിൽ ജോലി നേടുകയും ചെയ്യേണ്ട സാഹചര്യം ഇനി ആർക്കും ഉണ്ടാകരുതെന്ന് വിഡിയോ പങ്കുവെച്ച അധ്യാപകൻ വിലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.