പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി
മംഗളൂരു: ബംഗ്ലാദേശി ഭീഷണി മുന്നറിയിപ്പുമായി വാട്സ്ആപ് സന്ദേശം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്. മംഗളൂരു മിനി-ബംഗ്ലാദേശ് ആവും മുമ്പ് ഹിന്ദുക്കളുടെ എണ്ണം വർധിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ‘ഹിന്ദു ഗെലെയാര ബലഗ’എന്ന വാട്ട്സ്ആപ് സന്ദേശത്തിലാണ് രണ്ടുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന്സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.
മംഗളൂരുവിലെ റാവ് ആൻഡ് റാവ് സർക്കിൾ റിക്ഷാ സ്റ്റാൻഡിന് പിന്നിൽ ബംഗാളി കാന്റീനും സമീപത്ത് പ്രവർത്തിക്കുന്ന ചില അനധികൃത കടകളും ബോർഡോടെ സ്ഥാപിച്ചിട്ടുണ്ടെന്ന് രവീന്ദ്ര എന്ന വ്യക്തിയുടെ പോസ്റ്റിൽ പറയുന്നു. അവിടെ ലൈംഗിക തൊഴിൽ ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രാദേശിക സ്രോതസ്സുകൾ പറയുന്നുണ്ടെങ്കിലും പൊലീസ് അത് അവഗണിക്കുകയായിരുന്നു എന്ന് ഹിന്ദു സംഘടനകളെ അറിയിക്കാനും മംഗളൂരുവിനെ രക്ഷിക്കാനുംപോസ്റ്റ് പങ്കിടാനും രവീന്ദ്ര അഭ്യർഥിച്ചെന്ന് കമീഷണർ പറഞ്ഞു.
നിരപരാധികൾക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ ചിലർ വാട്സ്ആപിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് കമീഷണർ പറഞ്ഞു. ഇന്ത്യക്കാരായ കുടിയേറ്റ തൊഴിലാളികൾക്കെതിരെ മംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത കേസുകളിലും പൊലീസ് നടപടി സ്വീകരിച്ചു. വിവാദസന്ദേശം ചില ഗ്രൂപ്പുകളിൽ പങ്കിട്ടിട്ടുണ്ട്. ബംഗ്ലാദേശികളെന്ന് ആരോപിക്കപ്പെട്ട കുടുംബ 2014ൽ സ്വത്ത് വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ബംഗ്ലാദേശിൽനിന്നുള്ളവരെന്ന് സംശയിക്കുന്ന വ്യക്തികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പ്രാദേശിക പൊലീസ് സ്റ്റേഷനുകളിലോ എ.സി.പികളിലോ കമീഷണർ ഓഫിസിലോ റിപ്പോർട്ട് ചെയ്യണമെന്ന് കമീഷണർ അറിയിച്ചു. രേഖകൾ പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കും, അത്തരം വ്യക്തികളെ നിയമപ്രകാരം നാടുകടത്തും.
തെളിവോ മറ്റെന്തങ്കിലും കാരണമോ ഇല്ലാതെ ആരെങ്കിലും ബംഗ്ലാദേശിയാണെന്ന് പ്രചരിപ്പിക്കുകയോ ആക്രമണത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന സന്ദേശം പ്രചരിപ്പിച്ചാൽ അവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.