മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: ഓരോ വോട്ടും പവിത്രമായാല് മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളൂവെന്നും തെരഞ്ഞെടുപ്പ് സുരക്ഷ സംവിധാനങ്ങളുടെ വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലുകളില്‍ പുരട്ടിയ മഷി എളുപ്പത്തിൽ തുടച്ചുമാറ്റാൻ കഴിയുമെന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒമ്പത് വർഷത്തിന് ശേഷമാണ് വ്യാഴാഴ്ച ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിലേക്ക് (ബി.എം.സി) തെരഞ്ഞെടുപ്പ് നടന്നത്.
കള്ളവോട്ട് തടയുന്നതിനായി വിരലില്‍ പുരട്ടുന്ന മഷി സാനിറ്റൈസർ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ചുമാറ്റാന്‍ സാധിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ വിഡിയോകളും വ്യക്തമാക്കുന്നത്. ഇത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തുന്നുവെന്ന് സിദ്ധരാമയ്യ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വോട്ട് ചോരിയിലെ മറ്റൊരു അധ്യായമാണ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിഷേധമോ നിശ്ശബ്ദതയോ ആണ് മറുപടി ലഭിക്കുന്നത്. ഇത് ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുന്നു. അടിസ്ഥാന സുരക്ഷ സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും പൗരന്മാരുടെ ആശങ്ക തള്ളിക്കളയുകയും ചെയ്യുന്നത് ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല നശിപ്പിക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ സുതാര്യമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.