ബംഗളൂരു: കവർച്ച സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന് ബംഗളൂരു-മൈസൂർ ദേശീയപാതയിൽ മാണ്ഡ്യ പൊലീസ് പട്രോളിങ് ശക്തമാക്കി. രാത്രികാലങ്ങളിലാണ് പട്രോളിങ്. മാണ്ഡ്യ ജില്ലയിൽ വരുന്ന ഹൈവേയുടെ 55 കി.മീ. ഭാഗത്ത് രണ്ട് മാസത്തിനിടെ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് കാറുകൾ തടഞ്ഞ് ആളുകളെ കൊള്ളയടിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് മാണ്ഡ്യ പൊലീസ് കേസെടുത്തിരുന്നു.
ജൂലൈ ഒന്നിന് ചികിത്സക്ക് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന മുത്തപ്പയെ മദ്ദൂരിന് സമീപം അക്രമികൾ കവർച്ചക്കിരയാക്കിയിരുന്നു. യാത്രക്കിടെ വിശ്രമിക്കാൻ മുത്തപ്പ കാർ നിർത്തിയപ്പോൾ ആയുധങ്ങളുമായെത്തിയ കവർച്ചക്കാർ ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും പണവും കവർന്നു. മദ്ദൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ആഗസ്റ്റ് 13ന് മാണ്ഡ്യ ഷെട്ടിഹള്ളിക്ക് സമീപം കോലാർ സ്വദേശികളായ രക്ഷിത് റെഡ്ഡി, മാനസ റെഡ്ഡി ദമ്പതികളും കവർച്ച ചെയ്യപ്പെട്ടു. വാഹനത്തിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് ടയർ മാറ്റാൻ ദമ്പതികൾ കാർ നിർത്തി. ഈ സമയം ബൈക്കിലെത്തിയ ആയുധധാരികൾ ദമ്പതികളുടെ 1.70 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ അപഹരിച്ചു. ശ്രീരംഗപട്ടണ റൂറൽ പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉഡുപ്പിയിൽനിന്ന് ബംഗളൂരുവിൽ വിനോദയാത്രക്ക് പോവുകയായിരുന്ന കുടുംബത്തെ ശ്രീരംഗപട്ടണത്തിന് സമീപം കവർച്ച ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന രണ്ടുപേർ കാർ പരിശോധിക്കാൻ നിർത്തിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തി 1.50 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും അപഹരിച്ചു. സംഭവത്തിൽ ശ്രീരംഗപട്ടണ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മലയാളികളുടെ വാഹനങ്ങൾക്കുനേരെയും കവർച്ച ശ്രമങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.