സ​ബ​ർ​ബ​ൻ പാ​ത മാ​പ്

സബർബൻ റെയിൽ നിർമാണം: പുതിയ ടെൻഡർ ക്ഷണിച്ചു

ബംഗളൂരു: സബർബൻ റെയിൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടി. നിർമാണ കരാറിൽനിന്ന് എൽ ആൻഡ് ടി കമ്പനി പിന്മാറിയതിനെത്തുടർന്ന് ഏഴു മാസമായി പ്രവൃത്തികൾ മുടങ്ങിയ നിലയിലായിരുന്നു. പണി പൂർത്തിയാക്കാൻ പുതിയ ടെൻഡർ ക്ഷണിച്ചു. രണ്ടാം ഇടനാഴിയായ മല്ലിഗെ ലൈനിന്റെ നിർമാണത്തിനാണ് കെ റൈഡ് (കർണാടക റെയിൽ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്റ് കമ്പനി) ടെൻഡർ ക്ഷണിച്ചത്.

സ്ഥലം ഏറ്റെടുത്തുനൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണ് രണ്ടാം ഇടനാഴിയായ ബയ്യപ്പനഹള്ളി-ചിക്കബാനവാര വരെയുള്ള മല്ലിഗെ ലൈൻ, നാലാം ഇടനാഴിയായ ഹീലലിഗേ-രാജനകുണ്ഡേ കനക ലൈൻ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളിൽനിന്ന് എൽ ആൻഡ് ടി പിന്മാറിയത്. ഇതിൽ മല്ലിഗെ ലൈനിന്റെ നിർമാണം പൂർത്തിയാക്കാനാണ് ഇപ്പോൾ നടപടി ആരംഭിച്ചത്.

മൂന്ന് വ്യത്യസ്ത പാക്കേജുകളായിട്ടാണ് ടെൻഡർ. രണ്ട് പാക്കേജുകളിൽ ഉൾപ്പെടുന്ന പണികൾ 18 മാസത്തിനകവും ഒരു പാക്കേജ് 24 മാസത്തിനുള്ളിലും തീർക്കണം. നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിന് മെട്രോ റെയിൽ പോലെ സബർബൻ റെയിലും നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, ബംഗളൂരു സൗത്ത് എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്ന സബർബൻ റെയിൽപാതക്ക് നാല് ഇടനാഴികളിലായി 148 കിലോമീറ്റർ ദൈർഘ്യമുണ്ടാകും.

ഒന്നും മൂന്നും ഇടനാഴികളായ സമ്പിഗേ, പാരിജാത ലൈനുകളുടെ നിർമാണം ആരംഭിച്ചിട്ടില്ല. മല്ലിഗെ, കനക ലൈനുകളുടെ നിർമാണം അടുത്തവർഷം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിർമാണം വൈകിയതോടെ രണ്ടുവർഷമെങ്കിലും നീളാനാണ് സാധ്യത. മല്ലിഗെ ലൈനിലെ നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ജനുവരിയിലാകും പൂർത്തിയാക്കുക.

അതിനുശേഷം കരാർ നൽകി പണി പൂർത്തിയാക്കാൻ 24 മാസം കഴിയണം. കനക ലൈനിലെ പണികൾ പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടുമില്ല. മല്ലിഗെ ലൈനിൽ 14 സ്റ്റേഷനുകളുണ്ട്. ഇതിൽ ആറെണ്ണം ആകാശപാതയാണ്. ചിക്കബാനവാര, മയദാരഹള്ളി, ഷെട്ടിഹള്ളി, ജാലഹള്ളി, യശ്വന്തപുര, ലൊട്ടഗോലഹള്ളി, ഹെബ്ബാൾ, കനകനഗർ, നാഗവാര, കാവേരിനഗർ, ബാനസവാടി, സേവാനഗർ, കസ്തൂരി നഗർ, ബയ്യപ്പനഹള്ളി എന്നിവയാണ് സ്റ്റേഷനുകൾ. 25.01 കിലോ മീറ്ററാണ് ദൈർഘ്യം.

സബർബൻ റെയിൽ പാതയിൽ ഏറ്റവും ദൈർഘ്യമേറിയത് കനക ലൈനാണ് (46.24 കിലോ മീറ്റർ). 19 സ്റ്റേഷനുകളുണ്ട്. രാജനകുണ്ഡെ, മുദ്ദേനഹള്ളി, യെലഹങ്ക, ജക്കൂർ, ഹെഗ്‌ഡെ നഗർ, തന്നിസാന്ദ്ര, ഹെന്നൂർ, ഹൊറമാവ്, ചന്നസാന്ദ്ര, ബെന്നിഗനഹള്ളി, കഗദാസപുര, ദൊഡ്ഡേനകുണ്ഡി, മാറത്തഹള്ളി, ബെലന്തൂർ റോഡ്, കർമലാരം, അംബേദ്കർ നഗർ, ഹുസ്‌കൂർ, സിങ്കേന അഗ്രഹാര, ബൊമ്മസാന്ദ്ര, ഹീലലിഗേ എന്നിവയാണ് സ്റ്റേഷനുകൾ.

Tags:    
News Summary - Suburban rail construction: New tender invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.