ഡോ. സുഷമ ശങ്കര്‍
ബംഗളൂരു: മലയാള ഭാഷയുടെ മാധുര്യം നുണയുമ്പോഴും അന്നം നല്കിയ കന്നട ഭാഷയെ അഗാധമായി പ്രണയിക്കുകയാണ് ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റ് ഉടമ ഡോ. സുഷമ ശങ്കര്‍. 17 വർഷത്തോളം നിസ്വാര്‍ഥ സേവനമായി കന്നട ഭാഷ മലയാളികള്‍ക്കും ഇതര ഭാഷക്കാര്‍ക്കും പകര്‍ന്നു നല്കി. ഏകദേശം 4000 ത്തോളം പേരാണ് സ്ഥാപനത്തില്‍ നിന്നു പഠിച്ചിറങ്ങിയത്. സ്വന്തം പണം മുടക്കി ഭാഷ പഠിപ്പിക്കാന്‍ ഇറങ്ങിയ സുഷമക്ക് സര്‍ക്കാറില്‍ നിന്ന് ഭാഷാധ്യാപികയായി ശമ്പളം വാങ്ങാന്‍ കഴിഞ്ഞത് ഇരട്ടി മധുരമാണ്.
കര്‍ണാടക സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കന്നടഭാഷ അറിയാത്തവര്‍ക്കായി കന്നട ഭാഷ അഭിവൃദ്ധി പ്രാധികാര ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. ഇതിനായി 100 ഓളം സെന്ററുകൾ ആരംഭിച്ചു. കന്നട പഠിപ്പിക്കാൻ താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിധാന സൗധയിൽ രണ്ട് ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം നടത്തിയവരില്‍ സുഷമയും ഉള്‍പ്പെട്ടു.
മൂന്ന് മാസം കാലാവധിയുള്ള കോഴ്സിലേക്ക് ആദ്യഘട്ടത്തില്‍ 35 പേര്‍ക്കാണ് പ്രവേശനം. പഠിതാക്കള്‍ക്ക് പ്രവേശനം സൗജന്യമാണ്. ശ്രീ സരസ്വതി എജുക്കേഷൻ ട്രസ്റ്റിലെ രണ്ടാമത്തെ ബാച്ചാണ് ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.
കോഴ്സ് പൂര്‍ത്തിയായ ശേഷവും പഠിതാക്കള്‍ക്ക് ആറുമാസത്തോളം നിരന്തരം പരിശീലനം നല്‍കും. ബീഹാര്‍, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും നിരവധി മലയാളികൾ കന്നട ഭാഷയില്‍ പ്രവീണ്യം നേടിയതിന്റെ സാന്തോഷത്തിലാണ് സുഷമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.