ബംഗളൂരു: ശബരിമല, ക്രിസ്മസ്, പുതുവത്സര യാത്ര തിരക്ക് കുറക്കാൻ ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂർ കേരള സമാജം സൗത്ത് വെസ്റ്റേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപറേഷൻ മാനേജർക്ക് നിവേദനം നൽകി.
ഡിസംബർ 15 മുതൽ ജനുവരി 20 വരെ സർവിസ് നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാറിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. മൈസൂരു- കൊച്ചുവേളി എക്സ്പ്രസ് (16516), ബംഗളൂരു -കന്യാകുമാരി എക്സ്പ്രസ് (16526) എന്നീ ട്രെയിനുകൾക്ക് പിന്നാലെ ഷാഡോ ട്രെയിനുകൾ ഓടിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. ഷാഡോ ട്രെയിനുകൾ ഓടിക്കുമ്പോൾ പ്രത്യേക ട്രെയിനുകൾക്കായി ട്രാക്ക് ലഭ്യത ആവശ്യമില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
മൈസൂരു -കൊച്ചുവേളി എക്സ്പ്രസ്, ബംഗളൂരു -കന്യാകുമാരി എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുറപ്പെട്ട് 10 മിനിറ്റിനകം ഷാഡോ ട്രെയിനുകൾ പുറപ്പെട്ടാൽ യാത്ര തിരക്ക് ഗണ്യമായി കുറക്കാൻ കഴിയും. എല്ലാ സ്റ്റേഷനുകളിലും നിർത്താനും കഴിയും. നിലവിൽ മിക്ക ട്രെയിനുകളിലും ടിക്കറ്റുകൾ ലഭ്യമല്ല. സ്പെഷൽ ട്രെയിനുകൾ യാത്രാ തിരക്ക് കുറക്കാനും റെയിൽവേക്ക് വരുമാനമുണ്ടാക്കാനും കഴിയുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അവസാന നിമിഷങ്ങളിൽ അനുവദിക്കുന്ന പ്രത്യക ട്രെയിനുകൾ പലപ്പോഴും യാത്രക്കാർക്ക് അനുയോജ്യമായ സമയത്തല്ലെന്നും ഭൂരിപക്ഷം പേർക്കും അവ പ്രയോജനപ്പെടാറില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത്തരം സർവിസുകളുടെ സമയദൈർഘ്യവും കൂടുതലാണ്. അതിനാൽ മുൻകൂട്ടി ഷാഡോ ട്രെയിനുകൾ പ്രഖ്യാപിച്ച് സർവിസ് നടത്തണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, ജോയന്റ് സെക്രട്ടറി അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി. മുരളീധരൻ, വി.എൽ. ജോസഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.