സിദ്ധരാമയ്യ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് എന്നതിനാല്‍ വോട്ടർ പട്ടിക ദുരുപയോഗം ചെയ്ത കേസിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക പ്രധാനമന്ത്രി മോദിയാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു.
ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവര്‍ അധികാരത്തിലിരുന്നപ്പോൾ കമീഷനെ ദുരുപയോഗം ചെയ്തതായി ആരോപണം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച ബാപ്പുജി എം.ബി.എ കോളജ് ഹെലിപാഡിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഒരിക്കലും തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗം ചെയ്തിട്ടില്ല. ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി)കാര്യത്തിൽ കർണാടക രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് 7.14 ശതമാനം ആണെന്നും സംസ്ഥാനത്തിന്റെ ജി.ഡി.പി നിരക്ക് 8.1 ശതമാനം ആണെന്നും കർണാടകയുടെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാണെന്ന നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോകന്റെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി അധികാരത്തിൽ എത്തുമ്പോള്‍ രാജ്യത്തിന്റെ മൊത്തം വായ്പ 53.11 ലക്ഷം കോടി രൂപയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം 2013 വരെയുള്ള സര്‍ക്കാറുകള്‍ കടമെടുത്ത വായ്പകളാണിത്. എങ്കില്‍ നിലവില്‍ വായ്പകൾ 218 ലക്ഷം കോടി രൂപയിലെത്തി. 12 വർഷത്തിനുള്ളിൽ നരേന്ദ്ര മോദി കടമെടുത്ത ആകെ വായ്പകൾ 165 ലക്ഷം കോടി രൂപയാണെന്നും നരേന്ദ്ര മോദിയെ എന്താണ് വിളിക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ലോകത്ത് രണ്ട് തരം സാമ്പത്തിക സംവിധാനങ്ങളുണ്ട്. സവർണർക്ക് ഗുണം ചെയ്യുന്നവയും താഴ്ന്ന വിഭാഗത്തിന് ഗുണം ചെയ്യുന്നതും.
ബി.ജെ.പി സവർണർക്ക് അനുകൂലമാണെങ്കിൽ കോൺഗ്രസ് താഴ്ന്ന വിഭാഗത്തിന്റെ അഭിവൃദ്ധിക്കായി നിലകൊള്ളും. ബസവണ്ണ, അംബേദ്കർ, മഹാത്മാഗാന്ധി എന്നിവരുടെ ആഗ്രഹപ്രകാരം അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ കണ്ണുനീർ തുടക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പാവപ്പെട്ടവർക്കുള്ള ഗ്യാരണ്ടി പദ്ധതികളെ ബി.ജെ.പി എപ്പോഴും എതിർക്കുന്നു. കോണ്‍ഗ്രസ് ഗ്യാരണ്ടി പദ്ധതികളിലെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്നു. 2019 മുതൽ 2023 വരെ നാല് വർഷം സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബി.ജെ.പി സംസ്ഥാനത്തിന്റെ വികസനത്തിനായി കഠിനാധ്വാനം ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. ദാവൻഗരെ, ബഗൽകോട്ട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പുണ്ട്. മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനായി ഭവന മന്ത്രി ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ ഏപ്രിൽ അഞ്ച് മുതൽ എത്തുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.