മംഗളൂരു: സുഹാസ് ഷെട്ടി കൊലപാതകക്കേസിലെ പ്രതികളെ പിന്തുണച്ചു എന്ന ആരോപണവിധേയനായ നിയമസഭാ സ്പീക്കർ യു.ടി ഖാദർ രാജിവെക്കണമെന്ന് ദക്ഷിണ കന്നട ജില്ല ബി.ജെ.പി പ്രസിഡന്റ് സതീഷ് കുമ്പള, മംഗളൂരു സിറ്റി സൗത്ത് എം.എൽ.എ ഡി. വേദവ്യാസ് കാമത്ത്, മംഗളൂരു സിറ്റി നോർത്ത് എം.എൽ.എ ഡോ. ഭരത് ഷെട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്പീക്കർ എന്ന നിലയിൽ നിഷ്പക്ഷത പാലിക്കുന്നതിനുപകരം, അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ യു.ടി ഖാദർ പ്രതികൾക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന് അവർ ആരോപിച്ചു.
ഖാദറും കോൺഗ്രസ് നേതാവ് ഇനായത്ത് അലിയും കലാസയിൽ നിയാസും മറ്റു പ്രതികളും ജോലി ചെയ്തിരുന്ന ഹോംസ്റ്റേ നടത്തുന്ന മുഹമ്മദ് മുസ്തഫ എന്നയാൾ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. സ്വയം രാജിവെക്കുന്നില്ലെങ്കിൽ ഗവർണർ ഇടപെട്ട് ഖാദറിന്റെ രാജി ആവശ്യപ്പെടണം.
നേരത്തെ പ്രശാന്ത് പൂജാരി കൊല്ലപ്പെട്ടപ്പോൾ കൊല്ലപ്പെട്ട ഹിന്ദു നേതാവിന്റെ വീട് സന്ദർശിക്കില്ലെന്ന് ഖാദർ പറഞ്ഞിരുന്നു. ഫാസിലിന്റെ വീട് അദ്ദേഹം എങ്ങനെ നേരത്തെ സന്ദർശിച്ച് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. ഫാസിലിന്റെ സഹോദരൻ ആദിലിന് കൈമാറിയ നഷ്ടപരിഹാര തുക സുഹാസ് ഷെട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചുകൊണ്ട് അവർ ചോദിച്ചു. പ്രതികളെ സംരക്ഷിക്കാൻ യു.ടി ഖാദർ തന്റെ അധികാരം ദുരുപയോഗം ചെയ്തു. പ്രതികളുമായി ഫോണിൽ സംസാരിച്ചതിന് ഖാദറിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.