പ്രതീകാത്മക ചിത്രം
ബംഗളൂരു: 87 കോടി രൂപ വിലമതിക്കുന്ന കമ്പനിയുടെ പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ സോഴ്സ് കോഡ് മോഷ്ടിച്ചെന്നാരോപിച്ച് ഐ.ടി സ്ഥാപനത്തിലെ മുതിർന്ന ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.
അമേഡിയസ് സോഫ്റ്റ്വെയർ ലാബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ സീനിയർ മാനേജർ റിസർച്ച് സയന്റിസ്റ്റായി ജോലി ചെയ്തിരുന്ന അശുതോഷ് നിഗത്തിനെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2020 ഫെബ്രുവരി ഒന്നിന് കമ്പനിയില്‍ ജോലി ചെയ്ത അശുതോഷ് 2025 ഒക്ടോബർ 11ന് കമ്പനിയുടെ സമ്മതം കൂടാതെ തന്റെ സ്വകാര്യ ഇ-മെയിൽ അക്കൗണ്ടിലേക്ക് സോഴ്സ് കോഡും മറ്റ് രഹസ്യ ഡേറ്റയും കൈമാറ്റം ചെയ്യുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
തെളിവുകള്‍ സഹിതം കമ്പനി അധികൃതര്‍ അശുതോഷിനെ ചോദ്യംചെയ്തപ്പോള്‍ അദ്ദേഹം കുറ്റം സമ്മതിക്കുകയും സോഴ്സ് കോഡ് നീക്കംചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. ഈ സംഭവം കമ്പനി അധികൃതര്‍ വിഡിയോയില്‍ റെക്കോർഡ് ചെയ്തെന്ന് എഫ്.ഐ.ആറിൽ പറയുന്നു. തുടര്‍ന്ന് 2025 ഡിസംബർ മൂന്നിന് കമ്പനിയില്‍നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടു. സോഴ്സ് കോഡ് ഉൾപ്പെടെ സോഫ്റ്റ്വെയറിന്റെ ഏകദേശ മൂല്യം 80 ലക്ഷം യൂറോയാണ്. കമ്പനി പ്രതിനിധിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി 23ന് വൈറ്റ്ഫീൽഡ് സി.ഇ.എൻ ക്രൈം പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ ഐ.ടി ആക്ടിലെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.