ധർമസ്ഥലയിൽ തിരച്ചിൽ നടത്തുന്ന എസ്.ഐ.ടി സംഘം
മംഗളൂരു: ധർമസ്ഥല സ്വാശ്രയ സംഘത്തിലെ വനിതാ പ്രതിനിധിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ ബി.ജെ.പി നേതാവും രട്ടടി ശ്രീരട്ടേശ്വര ക്ഷേത്ര ഭരണസമിതി പ്രസിഡന്റുമായ നവീൻ ചന്ദ്ര ഷെട്ടി രട്ടടിക്കെതിരെ അമാസെബൈലു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ധർമസ്ഥല ധർമ രക്ഷണ യാത്രയുടെ തയാറെടുപ്പ് യോഗത്തിലേക്ക് ക്ഷണിക്കാൻ റാട്ടടി ഗ്രാമത്തിൽനിന്നുള്ള പ്രതിനിധിയായ 29കാരി ഈ മാസം രണ്ടിന് ഷെട്ടിയുടെ വീട്ടിൽ ചെന്നപ്പോഴാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു.
ഉച്ചയോടെ ഷെട്ടി തന്റെ വസതിയിലേക്ക് വരാൻ ആവശ്യപ്പെട്ടതായി പരാതിയിൽ ആരോപിക്കുന്നു. മണിമാക്കിയിലുള്ള വീട് സന്ദര്‍ശിച്ചപ്പോൾ ഷെട്ടി കസേരയില്‍ ഇരിക്കുകയായിരുന്നു. ക്ഷണക്കത്ത് നല്കിയ ശേഷം, ഷെട്ടി മോശമായി പെരുമാറി. പോകാൻ ഒരുങ്ങുമ്പോൾ, ഷെട്ടി യുവതിയെ നിർബന്ധിച്ച് തന്റെ അരികിൽ ഇരുത്തി, ചേർത്തുപിടിച്ച്, കവിളിൽ ചുംബിച്ചു. ഞെട്ടിപ്പോയ യുവതി പോകാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് തിരികെ പോകാൻ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
ധർമസ്ഥല പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ബി.ജെ.പി നേതാവ് മതസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാണെന്ന് നടിക്കുമ്പോൾ തന്നെ അപമാനം വരുത്തിവെച്ചതായി സി.പി.എം ഉഡുപ്പി ജില്ല കമ്മിറ്റി പറഞ്ഞു. സംഭവത്തെ പാർട്ടി ശക്തമായി അപലപിച്ചു. കുന്താപുരം എം.എൽ.എ കിരൺ കുമാർ കോഡ്ഗി, ഷെട്ടിയെ സംരക്ഷിക്കാനും കേസ് അവസാനിപ്പിക്കാൻ അധികാരികളിൽ സമ്മർദം ചെലുത്താനും ശ്രമിക്കുന്നുവെന്നും പാർട്ടി ആരോപിച്ചു. അതിജീവിത തന്നെ പരാതി നൽകിയതിനാൽ, നീതി ഉറപ്പാക്കാൻ പൊലീസ് ഉടൻ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ജില്ല സെക്രട്ടറി സുരേഷ് കല്ലഗർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.