കരഞ്ചി തടാകം
ബംഗളൂരു: കരഞ്ചി തടാകം മലിനജല പ്രവാഹം മൂലം ഭീഷണി നേരിടുന്നു. ഈ സ്ഥിതി തുടരുന്നതിനാല്‍ പ്രദേശത്ത് ഗുരുതര പാരിസ്ഥിതിക ഭീഷണിയിലേക്ക് നീങ്ങുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. മൈസൂരു-നഞ്ചൻഗുഡ് റോഡിലെ മൈസൂരു മൃഗശാലയോട് ചേർന്ന് ഏകദേശം 90 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കരഞ്ചി തടാകത്തിലേക്ക് സിദ്ധാർഥനഗർ മഴവെള്ള ഡ്രെയിനിലൂടെ ഒഴുകിവരുന്ന സംസ്കരിക്കാത്ത മലിനജലവും ഭൂഗർഭ ഡ്രെയിനേജ് വെള്ളവും എത്തിച്ചേരുന്നുന്നുണ്ട്. മലിനജലം തുടർച്ചയായി തടാകത്തിലേക്ക് എത്തുന്നത് തടാകത്തിലെ ജലത്തിന്‍റെ ഗുണനിലവാരം കുറക്കുകയും ജലജീവികളുടെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. മഴ പെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി.
മഴവെള്ളം മലിനജലവുമായി ഇടകലർന്ന് നേരിട്ട് തടാകത്തിലേക്ക് ഒഴുകുന്നു. തടാകത്തിന്‍റെ ഭൂരിഭാഗവും മലിന ജലം നിറയുകയും ഇത് ദുർഗന്ധം വമിക്കുന്നതിന് കാരണമാകുകയും ചെയ്തു. തടാകത്തിലേക്ക് മലിനജലം എത്തുന്നതിനുമുമ്പ് സംസ്കരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. തടാകത്തിന്‍റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള സംസ്കരണ യൂനിറ്റുകൾ പ്രവർത്തനക്ഷമമല്ല.
പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രം ഫിൽട്ടർ ചെയ്തെടുക്കുന്നുണ്ട്. തടാകത്തിലേക്ക് നേരിട്ട് മലിനജലം ഒഴുക്കിവിടുന്നത് അശാസ്ത്രീയവും പരിസ്ഥിതിക്ക് ദോഷകരമാണ്. ജലാശയങ്ങളിൽ നിന്ന് മലിനജലം ഉടൻ തിരിച്ചുവിടണമെന്നും തടാകത്തിന്‍റെ പാരിസ്ഥിതിക ആരോഗ്യം പുനരുജ്ജീവിപ്പിക്കുന്നതിന് ദീർഘകാല പുനരുദ്ധാരണ പദ്ധതി നടപ്പാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ അധികാരികളോട് ആവശ്യപ്പെട്ടു. പ്രശ്നം വർഷങ്ങളായി നിലനിൽക്കുന്നുവെന്നും കുക്കരഹള്ളി തടാകം സംരക്ഷിക്കാൻ ജനങ്ങള്‍ ഒന്നിച്ചതുപോലെ കരഞ്ചി തടാകം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഒന്നിച്ചു നില്‍കണമെന്നും മൈസൂർ ഗ്രഹകര പരിഷത്ത് (എം.ജി.പി) സ്ഥാപകൻ ഭാമി വി. ഷേണായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.