ബംഗളൂരു: ഹാസൻ സകലേശ്പുര താലൂക്കിലെ ബാലുപേട്ടിനടുത്ത് പശുക്കളെ കടത്തുന്നു എന്നാരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവർന്നതായി പരാതി. ദക്ഷിണ കന്നട നെല്യാഡി ഗ്രാമത്തിൽ താമസിക്കുന്ന മുഹമ്മദ് നിഷാനാണ് (40) അക്രമത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് ദീരജ്, നവീൻ, രാജു എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ സഞ്ചരിച്ച കാറും അക്രമത്തിന് ഉപയോഗിച്ച വടികളും പൊലീസ് പിടിച്ചെടുത്തു. നിഷാൻ 15 വർഷമായി ലോറി ഡ്രൈവറായി ജോലി ചെയ്യുന്നു. ബുധനാഴ്ച രാത്രി ഒരു മണിയോടെ മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പ്ലൈവുഡ് കൊണ്ടുപോവുകയായിരുന്ന നിഷാന്റെ ലോറി ദേശീയ പാത 75ലെ ബാഗെ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ അക്രമി സംഘം കാർ കുറുകെ നിർത്തി തടഞ്ഞു.
കാറിൽ നിന്ന് ഇറങ്ങിയ മൂന്നുപേർ ലോറിയുടെ ജനാലകൾ തകർക്കുകയും നിഷാനെ ബലമായി താഴെയിറക്കുകയും ചെയ്തു. വാഹനം ഉപേക്ഷിച്ച് ആത്മരക്ഷാർഥം അടുത്തുള്ള പൂന്തോട്ടത്തിലേക്ക് ഓടി രക്ഷപ്പെട്ടുവെന്ന് സകലേശ്പുര ഗവ.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഷാൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കൈയിലുണ്ടായിരുന്ന 18000രൂപ അക്രമികൾ തട്ടിയെടുത്തു എന്നും അറിയിച്ചു. സകലേശ്പുര റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.