പാളത്തിലെ മണ്ണ് നീക്കൽ പ്രവൃത്തി
റെയിൽ പാളത്തിലെ മണ്ണ് നീക്കം ഊർജിതം; ഗതാഗതം പുനഃസ്ഥാപിക്കൽ വൈകും
മംഗളൂരു: എടകുമേരിക്കും കഡഗരവാലിക്കുമിടയിൽ റെയിൽപാളത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഊർജിതം. എന്നാൽ, ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകും. പാളത്തിൽ പതിച്ച ടൺ കണക്കിന് മണ്ണ് മാറ്റുന്ന ജോലി ഇന്നത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒഴുകിപ്പോയ പാളവും അനുബന്ധ സംവിധാനങ്ങളും പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. ഈ സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആർ ബംഗളൂരു - കണ്ണൂർ എക്സ്പ്രസ് (16511/16512) ഉൾപ്പെടെ ബംഗളൂരു - മംഗളൂരു റൂട്ടിലോടുന്ന 14 ട്രെയിനുകൾ ആഗസ്റ്റ് നാലുവരെ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ അറിയിച്ചു. വെള്ളിയാഴ്ചയാണ് മണ്ണിടിഞ്ഞത്.
മണ്ണ് പൂർണമായും നീക്കി പാളത്തിന്റെ സുരക്ഷ പരിശോധനയും നടത്തിയശേഷമേ സർവിസുകൾ പുനരാരംഭിക്കുകയുള്ളൂ . 430 റെയിൽവേ ജീവനക്കാർ മണ്ണിടിഞ്ഞ സ്ഥലത്ത് മൂന്ന് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത്. 200 പേർ രാവിലെ മുതലും 120 പേർ രാത്രിയും 110 പേർ അത്യാവശ്യ ഘട്ടത്തിലുമായാണ് പ്രവർത്തിക്കുന്നത്.
ഇവർക്ക് താമസം, ശുചിമുറി, ആഹാരം തുടങ്ങിയ സൗകര്യങ്ങൾ താൽക്കാലികമായി സജ്ജീകരിച്ചിട്ടുണ്ട്. വെളിച്ചം ലഭിക്കാനായി ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 50 മീറ്റർ പാളത്തിൽനിന്ന് ഒഴുകിപ്പോയ ഭാഗങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്. പാറക്കല്ലുകൾ നിറച്ച വാഗണുകൾ സക് ലേഷ്പുരയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.