ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് ഔദ്യോഗികമായി ബംഗളൂരു സൗത്ത് എന്നാക്കി മാറ്റി. വ്യാഴാഴ്ച ചേർന്ന കർണാടക മന്ത്രിസഭ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. ബി.ജെ.പി -ജെ.ഡി.എസ് സഖ്യത്തിൽ എച്ച്.ഡി. കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായിരുന്ന 2007 ആഗസ്റ്റിലാണ് രാമനഗര എന്ന പേരിൽ ജില്ല രൂപവത്കരിച്ചത്.
ബംഗളൂരു നഗരത്തി നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള രാമനഗര പ്രദേശം പുനർനാമകരണം ചെയ്ത ജില്ലയുടെ ആസ്ഥാനമായി തുടരും. ഇതിൽ മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ കൂടി ഉൾപ്പെടും. ‘നിയമങ്ങളും ചട്ടങ്ങളും ഭേദഗതികളും ഞങ്ങൾ പരിശോധിച്ചു. രാമനഗര യഥാർഥത്തിൽ ബംഗളൂരു ജില്ലയായിരുന്നു. ഇന്ന് മന്ത്രിസഭയിൽ ഇതിനെ ബംഗളൂരു സൗത്ത് ജില്ല എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും. ബംഗളൂരു സൗത്ത് ജില്ലക്ക് ഇത് സന്തോഷവാർത്തയാണ്’ -ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
രാമനഗര ജില്ലയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്നതിൽ മാറ്റമില്ലെന്നും അത് തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിജ്ഞാപനം പുറപ്പെടുവിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യും. ഈ തീരുമാനം മൂലം സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. എല്ലാ ഭൂമി രേഖകളും മാറ്റും. താനും ബംഗളൂരു സൗത്ത് ജില്ലയിൽ നിന്നുള്ളയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന കോൺഗ്രസ് മേധാവി കൂടിയായ ശിവകുമാറിന്റെ സ്വന്തം ജില്ലയാണിത്. ജില്ലയിലെ കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹമാണ് ജില്ലയുടെ പേര് ബംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം ആദ്യം മുന്നോട്ടുവച്ചത്. ബംഗളൂരു നഗരം, ബംഗളൂരു റൂറൽ എന്നിവയെല്ലാം മുമ്പ് ബംഗളൂരു ജില്ലയുടെ ഭാഗമായിരുന്നു. ഹൊസകോട്ട്, ദേവനഹള്ളി, ദൊഡ്ഡബല്ലാപുര, ചന്നപട്ടണ, രാമനഗര, മഗഡി, കനകപുര താലൂക്കുകൾ ഉൾപ്പെടെ.
രാമനഗര ജില്ലയിലെ ജനങ്ങൾ ബംഗളൂരു ഐഡന്റിറ്റി സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ പ്രദേശം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നാണ് ബംഗളൂരു സൗത്ത് ജില്ല എന്ന പേര് മന്ത്രിസഭ തീരുമാനിച്ചതെന്നും ശിവകുമാർ പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രിസഭയുടെ മുൻ തീരുമാനത്തെ കേന്ദ്രം എതിർത്തിരുന്നോ എന്ന ചോദ്യത്തിന്, ഒന്നുമില്ല, കേന്ദ്ര സർക്കാറിന് ഈ വിഷയത്തിൽ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.