മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന് കീഴിൽ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് സിസ്റ്റം (എഡി.ടി.എസ്) ട്രാക്ക് നിർമിക്കുന്നതിന് കർണാടക സർക്കാർ ഭരണാനുമതി നൽകി. 7.88 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പുത്തൂർ പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ അകലെ മുണ്ടൂർ ഗ്രാമത്തിലെ 5.4 ഏക്കർ സ്ഥലത്താണ് നിർമിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾക്കും ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കുമായി രൂപകൽപന ചെയ്യുന്ന ട്രാക്കിന്റെ നിർമാണത്തിന് ബംഗളൂരുവിലെ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ മേൽനോട്ടം വഹിക്കും. പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കടബ താലൂക്കുകളിലെയും വിറ്റ്ല ഹോബ്ലിയിലെയും ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കുള്ള നടപടിക്രമങ്ങൾ ഈ സൗകര്യം സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.പുത്തൂർ എം.എൽ.എ അശോക് കുമാർ റായ് സർക്കാറിന്റെ തീരുമാനത്തെ പ്രശംസിച്ചു, ജില്ലയിലെ രണ്ടാമത്തെ എ.ഡി.ടി.എസ് ട്രാക്കാണിതെന്നും ആദ്യത്തേത് മംഗളൂരുവിനടുത്തുള്ള മുടിപ്പുവിലാണ് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
2024-25ലെ സംസ്ഥാന ബജറ്റിൽ ഉഡുപ്പി, ചിക്കബെല്ലാപുര, നെലമംഗല, മടിക്കേരി, മധുഗിരി, ഹുൻസൂർ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ എഡി.ടി.എസ് ട്രാക്കുകൾ സ്ഥാപിക്കാനും ദേവനഹള്ളി, തുമകുരു എന്നിവിടങ്ങളിലെ യാർഡുകൾ പിടിച്ചെടുക്കാനും നിർദേശിച്ചിരുന്നതായി റായ് പറഞ്ഞു. എന്നാൽ ഉഡുപ്പി ട്രാക്കിനായി നിശ്ചയിച്ചിരുന്ന ഭൂമി ഒരു ഡീംഡ് ഫോറസ്റ്റായി തരംതിരിച്ചതിനാൽ ഗതാഗത വകുപ്പ് അത് വനം ഇതര ആവശ്യങ്ങൾക്കായി ഏറ്റെടുക്കുന്നതിൽ നിന്ന് തടഞ്ഞു. ഇതേത്തുടർന്നാണ് ഉഡുപ്പിക്ക് പകരം പുത്തൂരിൽ എ.ഡി.ടി.എസ് സ്ഥാപിക്കാനുള്ള നിർദേശവുമായി റായ് ഗതാഗത വകുപ്പിനെ സമീപിച്ചത്. ട്രാക്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി എം.എൽ.എ മുണ്ടൂർ ഗ്രാമം സന്ദർശിച്ചു.
പുത്തൂരിൽ വരാനിരിക്കുന്ന എ.ഡി.ടി.എസ് സമുച്ചയത്തിൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾ (എൽ.എം.വി), ഇരുചക്ര വാഹനങ്ങൾ എന്നിവക്കുള്ള ടെസ്റ്റ് ട്രാക്കുകൾ, ഒരു അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, ടോയ്ലറ്റ്, കൺട്രോൾ റൂം, കോമ്പൗണ്ട് ഭിത്തികൾ, വെള്ളം, വൈദ്യുതി വിതരണം, ലാൻഡ്സ്കേപ്പിങ് തുടങ്ങിയ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടും. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതിനാൽ നിർമാണം ഉടൻ ആരംഭിക്കുമെന്ന് റായ് പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.