പോക്സോ കേസ്: മഠാധിപതിയെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

ബംഗളൂരു: പോക്സോ കേസിൽ പ്രതിയായ ചിത്രദുർഗ മുരുക മഠാധിപതി ശിവമൂർത്തി മുരുക ശരണരുവിനെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. വെള്ളിയാഴ്ച ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ സാമൂഹിക-സാംസ്കാരിക-മനുഷ്യാവകാശ പ്രവർത്തകരും വനിത സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ അണിനിരന്നു. കേസിൽ പ്രതികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ദലിതുകളെ സംരക്ഷിക്കുക, പീഡകനായ മഠാധിപതിയെ ജയിലിലടക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി.

ചിത്രദുർഗ മഠത്തിലെ പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഇരകൾക്കെതിരായ നീക്കമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ഈരാജ്യത്ത് ഇതൊക്കെ വെറും തമാശയാണെന്നും സ്വാധീനമുള്ളവർ അറസ്റ്റിനുശേഷം ആശുപത്രിയിൽ സുഖവാസത്തിലാണെന്നും അഭിഭാഷകനായ ബി.ടി. വെങ്കടേശ് പറഞ്ഞു. കേസിൽ ജാമ്യം ലഭിക്കുംവരെ ആശുപത്രിയിൽ കഴിയാനനുവദിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രായപൂർത്തിയാവാത്ത രണ്ടു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബി.ജെ.പി സർക്കാർ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രസ്താവന നടത്തിയെങ്കിലും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അടക്കമുള്ള നേതാക്കൾ മഠാധിപതിക്ക് പരസ്യമായി പിന്തുണയറിയിച്ചു. പൊലീസും ബി.ജെ.പി സർക്കാറും മഠാധിപതിയെ സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷക കൂട്ടായ്മ ഹൈകോടതി രജിസ്ട്രാർ ജനറലിന് കത്തെഴുതിയിരുന്നു. സിദ്ധാർഥ് ഭൂപതി, ശ്രീറാം ടി. നായക്, ബി.സി. ഗണേശ പ്രസാദ്, വി. ഗണേശ്, കെ.എ. പൊന്നണ്ണ തുടങ്ങിയവരാണ് കത്തിൽ ഒപ്പുവെച്ചത്.

ഹോസ്റ്റൽ വാർഡൻ രശ്മി അറസ്റ്റിൽ; മറ്റു പ്രതികൾ ഒളിവിൽ

കേസിലെ മറ്റൊരു പ്രതിയായ മഠത്തിലെ ഹോസ്റ്റൽ വാർഡൻ രശ്മിയെ ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ചോദ്യംചെയ്യാൻ വിളിപ്പിച്ച രശ്മിയുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തുകയായിരുന്നു. ജൂനിയർ പുരോഹിതൻ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവരും കേസിൽ പ്രതികളാണ്. ഇവർ ഒളിവിലാണ്.

മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയെ പെൺകുട്ടികൾ സമീപിക്കുകയും അവർ വിവരമറിയിച്ചതനുസരിച്ച് ജില്ല ബാലവികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 

Tags:    
News Summary - Protest against Karnataka priest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.