ബംഗളൂരു: ഗവേഷണ വിദ്യാര്‍ഥിനിയെ അപമാനിച്ച കർണാടക സർവകലാശാലയിലെ ബോട്ടണി പ്രഫസറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായി സർവകലാശാല അധികൃതർ അറിയിച്ചു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടർന്നാണ് നടപടി. ധാർവാഡിലെ കർണാടക സർവകലാശാലയിലെ പി.എച്.ഡി ഗൈഡായ പ്രഫസർ ഗവേഷണ വിദ്യാര്‍ഥികളെ മാനസിക പീഡനത്തിന് വിധേയരാക്കിയെന്ന് അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് (എ.ബി.വി.പി) നേതാവ് സച്ചിൻ കോട്ട ആരോപിച്ചു. വിജയപുര ജില്ലയിൽ നിന്നുള്ള ഒരു വനിതാ ഗവേഷണ വിദ്യാര്‍ഥിനിയോട് ഗൈഡ് അപമര്യാദയായി പെരുമാറുകയും വിജയപുരയിൽ നിന്നുള്ള മറ്റൊരു പുരുഷ ഗവേഷണ വിദ്യാര്‍ഥിയെ ഉപദ്രവിച്ചതായും ആരോപണമുണ്ട്.
പി.എച്ച്.ഡി പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഗൈഡ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയതായും ഇത് കടുത്ത മാനസിക സമ്മർദത്തിന് ഇടയാക്കിയതായും വിദ്യാര്‍ഥികള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്റ്റുഡന്‍റ്സ് അസോസിയേഷൻ നൽകിയ പരാതിയുടെയും മാധ്യമ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിച്ചതായും വിദ്യാര്‍ഥിക്ക് പുതിയ ഗൈഡിനെ നിയമിച്ചതായും സർവകലാശാല വൈസ് ചാൻസലർ എ.എം. ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണ നടപടികൾ തുടരുമെന്നും അന്വേഷണ പ്രക്രിയ പൂർത്തിയാകുന്നതുവരെ പ്രഫസറെ സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും ഖാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.