മന്ത്രി എം.ബി. പാട്ടീൽ
ബംഗളൂരു: സംസ്ഥാനത്ത് ദ്രാവക ഓക്സിജൻ, നൈട്രജൻ ഉൽപാദന യൂനിറ്റുകൾ സ്ഥാപിക്കുന്നതിന് പ്രാക്സെയർ ഇന്ത്യ മൂന്ന് വർഷത്തിനകം 210 കോടി രൂപ നിക്ഷേപിക്കുമെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. കമ്പനിയുമായി സർക്കാർ ധാരണപത്രത്തിൽ ഒപ്പുവെച്ചു. സർക്കാർ പ്രതിനിധി സംഘത്തോടൊപ്പം യു.കെയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന മന്ത്രി ഈ സാമ്പത്തിക വർഷം തന്നെ പ്രാക്സെയർ നിക്ഷേപം ആരംഭിക്കുമെന്ന് അറിയിച്ചു.
ഭൂമി അനുവദിക്കൽ, ഏകജാലക അനുമതികൾ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയുൾപ്പെടെ കാര്യങ്ങൾക്ക് സംസ്ഥാന സർക്കാർ മുൻഗണന നൽകും. എയ്റോസ്പേസ്, പ്രതിരോധം, ഡ്രോൺ ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഹെലിക്കൽ-ആന്റിന സാങ്കേതികവിദ്യക്ക് പേരുകേട്ട ഹെലിക്സ് ജിയോസ്പേസ്, സാറ്റലൈറ്റ് ആന്റിന നിർമാതാക്കളായ ഓക്സ്ഫോർഡ് സ്പേസ് സിസ്റ്റംസ് (ഒ.എസ്.എസ്) എന്നീ കമ്പനികളുമായും ചർച്ച നടത്തി.
കർണാടകയും യു.കെയും തമ്മിലുള്ള വ്യാവസായിക സഹകരണം ചർച്ച ചെയ്യുന്നതിന് മന്ത്രി യു.കെയിലെ ഇന്ത്യൻ ഹൈകമീഷണർ വിക്രം ദൊരൈസ്വാമിയുമായി കൂടിക്കാഴ്ച നടത്തി.
ബംഗളൂരുവിനടുത്തുള്ള കെവിൻ സിറ്റിയിൽ യു.കെ ടെക് പാർക്ക് സ്ഥാപിക്കാനുള്ള അവസരങ്ങളും പരിശോധിച്ചു. ഗവേഷണ വികസനം, നവീകരണം, നൂതന ഉൽപാദനം എന്നിവയെ ശക്തിപ്പെടുത്തുമെന്നും യു.കെ. ആസ്ഥാനമായ കമ്പനികളുമായി ചര്‍ച്ച നടത്തി ധാരണപത്രം ഒപ്പിടുന്നതിന് ഇന്ത്യന്‍ ഹൈകമീഷണറുടെ സഹായം ലഭിച്ചുവെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.