ബംഗളൂരു: ധാർവാഡ് ലോക്സഭ മണ്ഡലത്തിൽ കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയുടെ പരാജയം കണ്ടാൽ മാത്രമേ താൻ അഴിച്ച ദിവ്യമാല തിരിച്ചണിയുകയുള്ളൂവെന്ന ഷിരഹട്ടി മഠാധിപതി ഫകീര ദിൻഗലേശ്വര സ്വാമിയുടെ ശപഥം മറികടന്ന്, ജോഷി ഞായറാഴ്ച വീണ്ടും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി.
2009 മുതൽ തുടർച്ചയായി ധാർവാഡിൽ നിന്ന് ജയിച്ച ജോഷി രണ്ടാം മോദി മന്ത്രിസഭയിൽ അംഗമായിരുന്നു. തന്റെ ശപഥം പുലരാൻ ലിംഗായത്ത് സമുദായം ഒന്നടങ്കം ജോഷിക്കെതിരെ വോട്ടുകൾ ചെയ്യണമെന്ന് ഹുബ്ബള്ളി ജില്ലയിലെ കുണ്ട്ഗോൾ നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ കഴിഞ്ഞ മാസം ഏഴിന് തെരഞ്ഞെടുപ്പ് നടന്നതിന്റെ നാല് ദിവസം മുമ്പ് സ്വാമി നടത്തിയ ആഹ്വാനം വലിയ ചർച്ചയായിരുന്നു.
തന്നോട് നിങ്ങൾ പുലർത്തുന്ന ആദരവിനും സമുദായത്തോടുള്ള സ്നേഹത്തിനും അർഥം ഉണ്ടാവണമെങ്കിൽ പോളിങ് ബൂത്തിൽ എത്തുമ്പോൾ ജോഷിയെ മറക്കണം. അദ്ദേഹത്തിന്റെ ചിഹ്നം ഒഴിവാക്കണമെന്നായിരുന്നു സ്വാമിയുടെ ആഹ്വാനം. മൂരുസവിരമഠത്തിൽ 40 സ്വാമിമാർ പങ്കെടുത്ത ചിന്തൻ മന്തനിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫകീര സ്വാമി ധാർവാഡ് മണ്ഡലത്തിൽ സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നു. എന്നാൽ, ചില സമ്മർദങ്ങളെത്തുടർന്ന് പിൻവലിച്ചു. ജോഷിക്കെതിരായ ധാർമിക പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചായിരുന്നു പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.