പ്രതീകാത്മക ചിത്രം 

മരണക്കുരുക്ക് തട്ടിമാറ്റി പൊലീസ്, നാലുവയസ്സുകാരിയും പിതാവും ജീവിതത്തിലേക്ക്

മംഗളൂരു: ഭാര്യയുമായി പിണങ്ങി നാലു വയസ്സുള്ള മകൾക്കൊപ്പം തൂങ്ങിമരിക്കാൻ ഒരുങ്ങിയ യുവാവിനെ കൃത്യസമയത്തെത്തി രക്ഷിച്ച് പൊലീസ്. കാവൂർ പൊലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട് മകളെയും എടുത്ത് വീടുവിട്ട യുവാവ് തണ്ണീർഭവി കടൽത്തീരത്തേക്കാണ് ആദ്യം പോയത്. ‘നമുക്ക് രണ്ടുപേർക്കും മരിക്കാം’ എന്നു പറയുന്ന വിഡിയോ റെക്കോഡ് ചെയ്‌ത് ബന്ധുക്കളുടെ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കിട്ടു. കടൽത്തീരത്തേക്ക് നടക്കുമ്പോൾ തുളുവിൽ സംസാരിക്കുന്ന ആ വിഡിയോയിൽ ‘നമുക്ക് മരിക്കണ്ടപ്പാ..’എന്ന് മകൾ കെഞ്ചുന്നത് കേൾക്കാം.

കുടുംബ ഗ്രൂപ്പുകളിലൂടെ വിഡിയോ പണമ്പൂർ പൊലീസിൽ എത്തി. പണമ്പൂർ ബീച്ചിനടുത്തായിരിക്കാമെന്ന് സംശയിച്ച് പണമ്പൂർ പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും സൂചന ലഭിച്ചില്ല. തുടർന്ന് തണ്ണീർഭവി ബീച്ചിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചെങ്കിലും അവിടെയും കണ്ടെത്താനായില്ല. സൈബർ ക്രൈം പൊലീസ് സഹായത്തോടെ മൊബൈൽ ടവർ പിന്തുടർന്ന് കാവൂരിലെ ശാന്തിനഗറിൽ കണ്ടെത്തി.

പണമ്പൂർ പൊലീസ് ഉദ്യോഗസ്ഥരായ ഫക്കീരപ്പ, ശരണപ്പ, രാകേഷ് എന്നിവർ അവിടത്തെ വീട്ടിൽ എത്തിയെങ്കിലും അകത്തുനിന്ന് പൂട്ടിയിരുന്നു. മുട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ രണ്ട് കുരുക്കുകൾ ഉണ്ടാക്കി കഴുത്തിലിടാൻ ഒരുങ്ങുകയായിരുന്നു യുവാവ്. ഇരുവരെയും കാവൂർ പൊലീസിന് കൈമാറി. യുവാവിന് കൗൺസലിങ് നൽകി. തുടർന്ന് ഭാര്യാഭർത്താക്കന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ച് പറഞ്ഞയച്ചു.

Tags:    
News Summary - Police remove the death knell, four-year-old girl and her father return to life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.