ബംഗളൂരു: കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ സിലബസ് നിർദേശം പാലിക്കാത്ത അറബിക് സ്കൂളുകൾ കണ്ടെത്താൻ സർക്കാർ ഉത്തരവ്. ചില രക്ഷിതാക്കളിൽനിന്നുയർന്ന പരാതിയെ തുടർന്നാണ് അറബിക് സ്കൂളുകളെ കുറിച്ച സർവേക്ക് ഉത്തരവിട്ടതെന്ന് പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് പറഞ്ഞു.
കുടകിലെ മടിക്കേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറബിക് സ്കൂളുകളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികൾ മറ്റു സ്കൂളുകളിലെ കുട്ടികളുടെ പഠനനിലവാരത്തിനൊപ്പമെത്തുന്നില്ലെന്നും അറബിക് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ശരിയല്ലെന്നും ചില രക്ഷിതാക്കൾ പരാതിപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കുന്ന സിലബസ് പ്രകാരമല്ല അറബിക് സ്കൂളുകൾ പ്രവർത്തിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. സംസ്ഥാനത്തെ 200 അറബിക് സ്കൂളുകളിൽ 106 എണ്ണം സർക്കാറിന്റെ സാമ്പത്തിക സഹായത്താൽ പ്രവർത്തിക്കുന്നവയാണ്.
80 എണ്ണം അൺ എയ്ഡഡ് വിഭാഗത്തിലുമുണ്ട്. എന്നാൽ, ഇവയെല്ലാം കർണാടക വിദ്യാഭ്യാസ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നവയാണെന്നും അതിനാൽ സർക്കാറിന്റെ മാർഗനിർദേശങ്ങൾ പാലിക്കാൻ അവ ബാധ്യസ്ഥമാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.