ബംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഫാക്കൽറ്റി നിയമനങ്ങൾ അടക്കമുള്ളവയിൽ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) അടക്കം കർണാടകയിലെ 22 സർക്കാർ മെഡിക്കൽ കോളജുകൾക്ക് ദേശീയ മെഡിക്കൽ കമീഷൻ (എൻ.എം.സി) കാരണംകാണിക്കൽ നോട്ടീസ് അയച്ചു.
കൊപ്പാൽ, ചിക്കബല്ലാപുർ, ചിത്രദുർഗ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളിൽ പുതുതായി സ്ഥാപിച്ച സർക്കാർ മെഡിക്കൽ കോളജുകളിൽ യോഗ്യതയുള്ള ഫാക്കൽറ്റി അംഗങ്ങളുടെ കുറവുണ്ടെന്നും എൻ.എം.സി ചൂണ്ടിക്കാട്ടി. ഔട്ട്പേഷ്യന്റ് എണ്ണത്തിലെ കുറവ്, ആവശ്യമായ അധ്യാപക- അനധ്യാപക ജീവനക്കാരുടെ അഭാവം, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് തുടങ്ങിയവ പല ആശുപത്രികളിലും കണ്ടെത്തിയിരുന്നു.
അതേസമയം, അടുത്തിടെ ആരംഭിച്ച മെഡിക്കൽ കോളജുകളിൽ ഫാക്കൽറ്റി അംഗങ്ങളുടെ കുറവുണ്ടെന്ന് സമ്മതിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ, നേരത്തേ 2020ലെ എൻ.എം.സി നിയമത്തിലെ മാനദണ്ഡ പ്രകാരമാണ് എല്ലാ കോളജുകളിലും നിയമനങ്ങൾ നടത്തിയിരുന്നതെന്നും 2023ലെ മാനദണ്ഡം അനുസരിച്ച് നിയമനങ്ങൾ നടത്തണമെന്ന് എൻ.എം.സി നിർദേശിച്ചതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി.
ഇന്റേണൽ റിസർവേഷൻ നടപ്പാക്കൽ പ്രക്രിയകൾ പൂർത്തിയാകുന്നതുവരെ സംസ്ഥാന സർക്കാർ എല്ലാ നിയമന നടപടികളും നിർത്തിവെച്ചിരിക്കുകയാണ്. സീനിയർ റെസിഡന്റ്സ് ഉൾപ്പെടെയുള്ള മറ്റു ഫാക്കൽറ്റികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ സർക്കാർ മെഡിക്കൽ കോളജുകൾക്ക് അനുവാദമുണ്ട്. മിക്ക കോളജുകളും ഈ നിയമന പ്രക്രിയ പൂർത്തിയാക്കി എൻ.എം.സിയുടെ നോട്ടീസിന് മറുപടി നൽകിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.