ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്) ജനപ്രിയ നെയ്യായ നന്ദിനിയുടെ വിലയിൽ കുത്തനെ വർധന പ്രഖ്യാപിച്ചു. ചില്ലറ വിൽപന വില കിലോഗ്രാമിന് 610 രൂപയിൽ നിന്ന് 90 രൂപ കൂട്ടി 700 രൂപയായാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഉടൻ പ്രാബല്യത്തിൽ വരുമെന്നും മറ്റ് നന്ദിനി പാലുൽപന്നങ്ങളുടെ നിരക്കിൽ മാറ്റമില്ലെന്നും ഔദ്യോഗിക ഉത്തരവിൽ പറഞ്ഞു.
ഉൽപാദന, പ്രവർത്തന ചെലവുകൾ വർധിച്ചതിനാൽ വില വർധന അനിവാര്യമായിരുന്നുവെന്ന് കെ.എം.എഫ് മാനേജിങ് ഡയറക്ടർ ശിവസ്വാമി പറഞ്ഞു. ഏപ്രിലിൽ വർധിപ്പിച്ച പാൽ സംഭരണ വില സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിടാതെ, ഫെഡറേഷൻ നേരിട്ട് കർഷകർക്ക് കൈമാറുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നെയ് വില വർധനവിനെത്തുടർന്ന് പാൽവിലയിൽ വർധനയുണ്ടാകുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ‘‘പാൽവില വർധിപ്പിക്കാനുള്ള ഒരു നിർദേശവും മുന്നിലില്ല. അവസാനമായി നിരക്ക് വർധിപ്പിച്ചത് ഏപ്രിലിലായിരുന്നു. അധിക തുക നേരിട്ട് കർഷകർക്ക് കൈമാറി” -ശിവസ്വാമി പറഞ്ഞു. പാൽ വിലനിർണയം സംബന്ധിച്ച ഭാവിയിലെ ഏതൊരു തീരുമാനത്തിനും എല്ലാ സഹകരണ യൂനിയനുകളുടെയും സംയുക്ത യോഗം ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.