ബംഗളൂരു: വി.ബി-ജി റാം ജി നിയമം ഉടൻ റദ്ദാക്കി യു.പി.എ കാലത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം.ജി.എൻ.ആർ.ഇ.ജി.എ) അതിന്റെ യഥാർഥ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം കർണാടകയിലെ കോൺഗ്രസ് സർക്കാർ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രമേയം വായിച്ചത്.
കർണാടകയിലെ ഗ്രാമീണ ജനതയുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനായി, ഫെഡറൽ തത്ത്വത്തിന് വിരുദ്ധവും സംസ്ഥാന ഖജനാവിന് കടുത്ത ഭാരവും വികേന്ദ്രീകരണ തത്ത്വത്തിന് വിരുദ്ധവുമായതും ഗ്രാമപഞ്ചായത്തുകളുടെ അധികാരങ്ങളും അവകാശങ്ങളും കവർന്നതുമായ വീക്ഷിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നിയമം ഉടൻ പിൻവലിക്കണമെന്ന് ഈ സഭ കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുന്നു.
ഗ്രാമീണ ആസ്തി സൃഷ്ടിയിലേക്കും ദരിദ്രരുടെ സ്വാശ്രയത്വത്തിലേക്കും നയിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അതിന്റെ യഥാർഥ രൂപത്തിൽ പുനഃസ്ഥാപിക്കണമെന്നും പ്രമേയം വായിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ പഞ്ചായത്തീരാജ് സംവിധാനത്തോടും അധികാര വികേന്ദ്രീകരണ തത്ത്വങ്ങളോടും നിയമസഭ പൂർണ പ്രതിബദ്ധത ആവർത്തിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഗ്രാമീണ ദരിദ്രർക്ക് സഞ്ജീവനിയും (ജീവൻ നൽകുന്ന ഒന്ന്) ഗ്രാമീണ ജീവിതത്തിന്റെ അവിഭാജ്യ ഘടകവുമായിരുന്ന എം.ജി.എൻ.ആർ.ഇ.ജി.എ റദ്ദാക്കലിനെ ഈ സഭ ഗൗരവമായി കാണുന്നുവെന്ന് കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ പുതിയ നിയമം ഫെഡറലിസത്തിന്റെ അടിസ്ഥാന ആശയങ്ങൾക്കും ഗ്രാമീണ ജനതയുടെ ഉപജീവനാവകാശത്തിനും ഹാനികരമാണ്. എം.ജി.എൻ.ആർ.ഇ.ജി.എ റദ്ദാക്കുന്ന വി.ബി-ജി റാം ജി ആക്ട് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ഈ സഭ ശക്തമായി എതിർക്കുന്നു -പ്രമേയം ഊന്നിപ്പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അംഗങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. എന്നാൽ, പ്രമേയത്തിന്മേലുള്ള ചർച്ചക്കിടെ പ്രതിപക്ഷ അംഗങ്ങൾക്ക് എതിർപ്പുകൾ ഉന്നയിക്കാമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രമേയം തുടർന്നു.
ഇത് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിക്കുകയും അവർ സർക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.. ‘റാം’ എന്ന പേര് നൽകുന്നതിൽ ഭരണകക്ഷിക്ക് ഒരു ‘അലർജി’ ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എം.ജി.എൻ.ആർ.ഇ.ജി.എക്ക് പകരമായി അടുത്തിടെ നടപ്പിലാക്കിയ വിബി-ജി റാം ജി ആക്റ്റ് അംഗീകരിക്കേണ്ടതില്ലെന്നും അതിനെതിരെ നിയമപോരാട്ടം നടത്താനും കർണാടക മന്ത്രിസഭ നേരത്തേ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.