മൈസൂരു- മാനന്തവാടി റൂട്ടിൽ അന്തർസന്ത-ബാവലി മേഖലയിൽ റോഡ് തകർന്ന നിലയിൽ
ബംഗളൂരു: മൈസൂരു- മാനന്തവാടി റൂട്ടിൽ അന്തർസന്ത മുതൽ ബാവലി വരെയുള്ള ഭാഗങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം പ്രയാസകരമായി കിടക്കുന്ന ഭാഗങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എ. ഹാരിസ് എം.എൽ.എ മുഖേന മലബാർ മുസ്ലിം അസോസിയേഷൻ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് നിവേദനം നൽകി. വൈകാതെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എം.എൽ.എ അറിയിച്ചു.
മൈസൂരുവിൽനിന്നും ഹാൻഡ് പോസ്റ്റ് വഴി മാനന്തവാടിയിലേക്ക് പോകുന്ന ഈറോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. അനവധി യാത്രക്കാർ മാനന്തവാടിയിലേക്കും മാനന്തവാടിയിൽ നിന്ന് മൈസൂരുവിലേക്കും യാത്രക്ക് തിരഞ്ഞെടുക്കുന്നത് ഈ പാതയാണ്.
മാനന്തവാടിയിലേക്ക് ഏകദേശം 100 കിലോമീറ്റർ ദൂരം മാത്രമുള്ള പാതയായതിനാൽ യാത്രക്കാരും ചരക്ക് വാഹനങ്ങളും ഈ പാതയാണ് ഉപയോഗിക്കുന്നത്. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ മാത്രമേ ഈ പാതയിലൂടെയുള്ള സഞ്ചാരത്തിന് അനുമതിയുള്ളൂ. എങ്കിലും ഈ സമയങ്ങളിൽ വിദ്യാർഥികളടക്കം ധാരാളം ആളുകൾ വർഷങ്ങളായി ഈ പാതയെയാണ് ആശ്രയിക്കുന്നത്. വളരെ കാലമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോചനീയമായ അവസ്ഥയിലാണ്. രണ്ട് സംസ്ഥാനങ്ങളെ ബന്ധിക്കുന്ന കാനന പാതയായതിനാൽ എന്നും ഈ പാത അവഗണിക്കപ്പെടുകയാണ്. മൈസൂരു, വയനാട് എന്നീ രണ്ട് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്.
നാഗർഹോള ടൂറിസ്റ്റ് കേന്ദ്രവും രാജീവ് ഗാന്ധി വന്യമൃഗസംരക്ഷണ മേഖലയും ഈ പാതയുടെ ഇരുവശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നില്ലെന്നും അപകടങ്ങൾ ഇടക്കിടെ സംഭവിക്കുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.