പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു എക്സ്പ്രസ്വേയുടെ ആകാശപരിശോധന നടത്തുന്ന കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് മന്ത്രി നിതിൻ ഗഡ്കരി
ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു എക്സ്പ്രസ് വേയുടെ (എൻ.എച്ച് 275) ആകാശപരിശോധന പൂർത്തിയായി. കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഹെലികോപ്ടറിൽ വ്യാഴാഴ്ച രാവിലെ ആകാശനിരീക്ഷണം നടത്തിയത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി സി.സി. പാട്ടീൽ, മൈസൂരു-കുടഗ് എം.പി പ്രതാപ് സിംഹ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
118 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേ കർണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലുമാണ് ഗഡ്ഗരിയുടെ പരിശോധന.
പാതയിൽനിന്ന് നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ആവശ്യമായ വഴികളില്ലെന്നും പ്രവൃത്തിയിൽ ഗുണനിലവാരമുള്ള സാമഗ്രികൾ കരാറുകാർ ഉപയോഗിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. കഴിഞ്ഞ മഴക്കാലത്ത് രാമനഗര ഭാഗം വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്തു.
പാത പൂർണമായും തുറക്കുന്നതോടെ മൈസൂരു-ബംഗളൂരു യാത്രക്ക് ഒന്നരമണിക്കൂർ മതിയാകും. നിലവിൽ നാലുമണിക്കൂറോളം വേണം. അതേസമയം, ഭാഗികമായി നിർമാണം പൂർത്തിയായ ഭാഗം നേരത്തേ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. എട്ടുകിലോമീറ്റർ തൂണുകളിലൂടെ നിർമിക്കുന്ന പാതയിൽ ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, നാല് റെയിൽവേ മേൽപാലങ്ങൾ, അഞ്ചു ബൈപാസുകൾ എന്നിവയുണ്ടാകും.
നിർമാണം പൂർത്തിയായി തുറന്നുകൊടുത്താൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.