മുസ്‍ലിം സ്ഥാനാർഥിക്ക് രാജ്യസഭ സീറ്റ് നൽകണമെന്ന് മുസ്‍ലിം സംഘടനകളുടെ കൂട്ടായ്മ

ബംഗളൂരു: നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്നുള്ള മുസ്‍ലിം സ്ഥാനാർഥിക്ക് കുറഞ്ഞത് ഒരു രാജ്യസഭാ സീറ്റെങ്കിലും നൽകണമെന്ന് ഫെഡറേഷൻ ഓഫ് കർണാടക മുസ്‍ലിം ഓർഗനൈസേഷൻസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. കർണാടകയിൽ നിന്നുള്ള നാല് രാജ്യസഭാ അംഗങ്ങളുടെ കാലാവധി പൂർത്തിയായതായും ഈ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നു. ഇതിൽ മൂന്ന് സീറ്റുകൾ കോൺഗ്രസ് പാർട്ടിക്ക് എളുപ്പത്തിൽ ലഭിക്കുമെന്നും അതില്‍ ഒരു സീറ്റെങ്കിലും മുസ്‍ലിം സമുദായത്തിൽ നിന്നുള്ള പ്രതിനിധിക്ക് നൽകണമെന്നുമാണ് ആവശ്യം.

എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നിവരോട് ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫെഡറേഷൻ അഭ്യർഥിച്ചു. കർണാടകയെ പ്രതിനിധീകരിക്കുന്ന 12 രാജ്യസഭാംഗങ്ങളിൽ ഒരാൾ മാത്രമാണ് മുസ്‍ലിം സമുദായത്തിൽ പെട്ടത്. അതേസമയം മുൻകാലങ്ങളിൽ കോൺഗ്രസിൽ നിന്നും കുറഞ്ഞത് രണ്ട് ലോക്‌സഭാ എം.പിമാരെങ്കിലും മുസ്‍ലിം വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. നിലവിൽ കർണാടകയിൽ ഒരു മുസ്‍ലിം ലോക്‌സഭ എം.പി പോലും ഇല്ലെന്നും ഫെഡറേഷൻ പറഞ്ഞു. കോൺഗ്രസ് മുസ്‍ലിം സ്ഥാനാർഥികൾക്ക് നൽകിയ ലോക്‌സഭാ ടിക്കറ്റുകളുടെ എണ്ണവും രാജ്യസഭയിലെ പ്രാതിനിധ്യവും ഒന്നിലേക്ക് പരിമിതപ്പെടുത്തി. തന്‍മൂലം പാർലമെന്‍റിൽ കർണാടകയിൽ നിന്നുള്ള മുസ്‍ലിം പ്രാതിനിധ്യം പരിമിതമായി മാറി. കർണാടകയിൽ കോൺഗ്രസ് സർക്കാറിനെ അധികാരത്തിലെത്തിച്ചതില്‍ മുസ്‍ലിം സമുദായം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ജയസാധ്യത കൂടുതലുള്ള മണ്ഡലങ്ങളിൽ മുസ്‍ലിം സ്ഥാനാർത്ഥികൾക്ക് കോൺഗ്രസ് ടിക്കറ്റ് നൽകാൻ മടിക്കുന്നു എന്ന ധാരണ സമുദായത്തിനുള്ളിൽ പ്രചരിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ മുസ്‍ലിംകൾക്ക് കൂടുതൽ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കാൻ രാഹുൽ ഗാന്ധി പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന് നിർദേശം നൽകിയതായി ഫെഡറേഷൻ അടുത്തിടെ നടത്തിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി പരാമർശിച്ചു.

Tags:    
News Summary - Muslim organizations demand Rajya Sabha seat for Muslim candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.