മംഗളൂരു: മംഗളൂരുവിനും ബംഗളൂരുവിനും ഇടയിൽ ദൈനംദിന കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ വന്ദേ ഭാരത് ട്രെയിൻ സർവിസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. സംസ്ഥാനത്തുടനീളം സന്തുലിത വളർച്ച ഉറപ്പാക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി രണ്ടാം നിര നഗരങ്ങളെ ആധുനിക തൊഴിൽ, വ്യവസായ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിൽ കർണാടക സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മന്ത്രി കത്തിൽ പ്രസ്താവിച്ചു.
വിദ്യാഭ്യാസം, വാണിജ്യം, സംസ്കാരം എന്നീ മേഖലകളിലെ സാധ്യതകൾ ചൂണ്ടിക്കാട്ടി ബംഗളൂരുവിന് ശക്തമായ ബദലായി ഉയർന്നുവരാൻ മംഗളൂരുവിന് കഴിവുണ്ടെന്ന് കത്തിൽ അവകാശപ്പെട്ടു. എന്നാൽ, വേഗത്തിലുള്ള ഗതാഗത ബന്ധങ്ങളുടെ അപര്യാപ്തത നഗരത്തിന്റെ വളർച്ചയെ പരിമിതപ്പെടുത്തി. ദിവസേനയുള്ള വേഗത്തിലുള്ള യാത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രഫഷണലുകളും ബിസിനസുകാരും ഹ്രസ്വകാല ജോലികൾക്കായി രാത്രി യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു. ഇത് ഉൽപാദനപരമായ സമയം നഷ്ടപ്പെടുത്തുന്നു. രണ്ട് നഗരങ്ങൾക്കിടയിൽ പതിവായി യാത്ര ചെയ്യുന്ന ദക്ഷിണ കന്നടയിലെ ജനങ്ങളോടുള്ള അനീതിയാണിതെന്ന് മന്ത്രി കത്തിൽ അഭിപ്രായപ്പെട്ടു.
ഇത് പരിഹരിക്കുന്നതിനായി മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് രാവിലെ നാല്, 10, വൈകീട്ട് ആറ് എന്നീ സമയങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കണമെന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അതേ ദിവസം തന്നെ മടക്ക സർവിസുകൾ നടത്തണമെന്നും ദിനേശ് ഗുണ്ടു റാവു അഭ്യർഥിച്ചു. ഇത്തരം സേവനങ്ങൾ ജോലി ചെയ്യുന്ന പ്രഫഷണലുകൾക്കും ബിസിനസ് സമൂഹങ്ങൾക്കും ഗണ്യമായി പ്രയോജനം ചെയ്യും. തീരദേശ കർണാടകയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനവുമാവും.
ആരോഗ്യ സംരക്ഷണം, ബാങ്കിങ്, വാണിജ്യം, വ്യവസായം എന്നീ മേഖലകളിലെ കൈമാറ്റങ്ങൾ അതിവേഗ റെയിൽ കണക്ടിവിറ്റി മെച്ചപ്പെടുത്തും. രണ്ട് നഗരങ്ങളും പരസ്പര പൂരകമാകുന്നതിനാൽ മികച്ച കണക്ടിവിറ്റി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള സഞ്ചാരികളെ മംഗളൂരുവിലേക്ക് ആകർഷിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.